കൊച്ചി: ഇൻഡസ്ട്രിയൽ ഏരിയയായ ഇരുമ്പനം, അമ്പലമുകൾ ഭാഗങ്ങളിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. വ്യാഴാഴ്ച പുലർച്ചെ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാർത്ഥിയായ തിരുവാണിയൂർ തൊണ്ടൻപാറയിൽ പുത്തൻവീട്ടിൽ അജിത്കുമാറിന്റെ (24) ജീവൻ പൊലിഞ്ഞതാണ് ഒടുവിലത്തെ ദുരന്തം. കൂടെ യാത്രചെയ്ത 3 സുഹൃത്തുക്കൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
സീപോർട്ട് - എയർപോർട്ട് റോഡിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. അശാസ്ത്രീയമായ പാർക്കിംഗും റോഡിന്റെ വീതിക്കുറവും വെള്ളക്കെട്ടും വഴിവിളക്കുകളുടെ അഭാവവും മൂലം ജില്ലയിലെ ഏറ്റവും വലിയ അപകടമേഖലയായി ഇവിടംമാറി. കോർപ്പറേറ്റുകളുടെ സി.എസ്.ആർ ഫണ്ടിൽനിന്ന് ഒരുരൂപപോലും ഈ ഭാഗങ്ങളിലേക്ക് ചെലവഴിക്കപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
* റോഡ് വീതികൂട്ടുന്നില്ല
ചിത്രപ്പുഴ മേൽപാലം മുതൽ ഇരുമ്പനം പുതിയ റോഡ് സിഗ്‌നൽ ജംക്‌ഷൻ വരെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ കോൺക്രീറ്റ് കുറ്റികൾ സ്‌ഥാപിക്കാനും വശങ്ങളിൽ ടൈൽ വിരിക്കാനും റോഡ് ടാറിംഗ് പൂർത്തീകരിക്കാനുമായി കോടികളാണ് മുടക്കിയത്. എന്നാൽ റോഡ് വീതികൂട്ടാനുള്ള നടപടിയൊന്നുമില്ല. റോഡിൽ പാർക്കിംഗ് ഒഴിവാക്കാൻ സ്‌ഥാപിച്ച കോൺക്രീറ്റ് കുറ്റികളെ മറി കടക്കാനാകാതെ ടാങ്കർലോറികൾ റോഡിലേക്ക് കയറ്റിയും പാർക്ക് ചെയ്യുന്നുണ്ട്. കുറ്റികൾ ഫലപ്രദമല്ലെന്നും എണ്ണകമ്പനികളോട് ചേർന്ന റോഡ് ഭാഗത്ത് ഉത്തരവാദിത്വത്തോടെ വാഹനപാർക്കിംഗിന് സൗകര്യം അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
* പാർക്കിംഗ് സൗകര്യമില്ല
പൊതുമേഖലാ എണ്ണക്കമ്പനികളുടെ സംസ്ഥാനത്തെ പ്രധാന ഇന്ധനവിതരണ കേന്ദ്രമായ ഇരുമ്പനത്തെ 3 കമ്പനികളിൽ നിന്നുമായി ദിനംപ്രതി നൂറോളം ലോഡ് ഇന്ധനം നിറച്ചാണ് ടാങ്കർലോറികൾ പോകുന്നത്. ലോറികൾക്ക് ആവശ്യമായ പാർക്കിംഗ് സൗകര്യമൊരുക്കാൻ കഴിയുന്നില്ലെന്നാണ് ആക്ഷേപം. എഥനോൾ കയറ്റി എത്തുന്ന ടാങ്കർ ലോറികളും റോഡരികിലാണ് പാർക്കിംഗ്. ഇത് പലപ്പോഴും അപകടത്തിനിടയാക്കുന്നു.
* വില്ലനായി വെള്ളക്കെട്ട്
ഇരുമ്പനത്തെ റോഡുകളിലെ വെള്ളക്കെട്ടാണ് മറ്റൊരു പ്രശ്നം. മഴക്കാലമായാൽ എച്ച്.ഒ.സി ക്വാർട്ടേഴ്സ് റോഡുമുതൽ അൻപതു മീറ്ററോളം നീളത്തിലുള്ള ചാലിലെ അതിരൂക്ഷമായ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനക്കാർക്കും ഭീഷണിയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ വർഷക്കാലത്ത് റോഡിന്റെ വശത്ത് നിർമ്മിക്കുന്ന മഴക്കുഴികളിലും ജീവനുകൾ പൊലിയുന്നു.