
നെടുമ്പാശേരി: പാറക്കടവ് നമ്പർ ഒന്ന് ഇറിഗേഷനിലെ മോട്ടോറുകളുടെ അറ്റക്കുറ്റപ്പണി കൃത്യ സമയത്തു നടത്താത്തതിനാൽ കർഷകർ ദുരിതത്തിലായി. മോട്ടോർ തകരാർ മൂലം പലപ്പോഴും വെള്ളം പമ്പിംഗ് അവതാളത്തിലാകുന്നെന്നാണ് പരാതി. 75 എച്ച്. പി പഴയ മോട്ടോറിന്റെ സെക്ഷൻ പൈപ്പ് വട്ടം പൊട്ടിയ നിലയിലാണ്. സ്റ്റാർട്ടർ കൃത്യമായി പ്രവർത്തിക്കുന്നില്ല. മറ്റൊരു 75 എച്ച്. പിയുടെ പുതിയ മോട്ടോർ ബെയറിംഗ് തകരാറിലായതിനെ തുടർന്ന് അഴിച്ചിട്ടിരിക്കുന്നു. ചെറിയ 40 എച്ച്.പി മോട്ടോർ ഡിസ്ചാർജ് പൈപ്പ് ചോർച്ചയായതിനാൽ ഉപയോഗിക്കാൻ കഴിയുന്നില്ല. പാറക്കടവ് മേഖലയിൽ കാർഷികാവശ്യത്തിന് വെള്ളം ലഭിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കർഷക സംഘം പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കൃഷി സ്ഥലങ്ങളും മോട്ടോർ ഷെഡും കർഷക സംഘം നേതാക്കളായ എം.കെ. പ്രകാശൻ, കെ.ആർ. വിൻസെന്റ്, എം.സി. അർജുനൻ തുടങ്ങിയവർ സന്ദർശിച്ചു.
1. പമ്പിംഗ് മുടങ്ങിയതിനാൽ ചെട്ടിക്കുളം, എളവൂർ, കുറുമശേരി കിഴക്ക്, പറമ്പുശ്ശേരി പടശേഖരങ്ങളിൽ നെൽ കൃഷി സമയത്തു തുടങ്ങുവാൻ കഴിയുന്നില്ല.
2. നൂറുകണക്കിന് ഏക്കർ പ്രദേശത്തു കാർഷികാവശ്യത്തിന് വെള്ളം ലഭിക്കാതെ കർഷകർ വിഷമിക്കുകയാണ്.
3. പമ്പിംഗ് മുടങ്ങിയത് സമീപത്തെ വീടുകളിലെ കിണറുകളുടെ ഉറവയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
4. കുടിവെളള ക്ഷാമവും രൂക്ഷമാണ്
ആലുവ മൈനർ ഇറിഗേഷൻ ഇലക്ട്രിക്കൽ ഓഫീസ് പ്രശ്നത്തിൽ ഇടപെടണംഎം.കെ. പ്രകാശൻ,
സെക്രട്ടറി
കേരള കർഷക സംഘം
പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി