
കൊച്ചി: വനംവകുപ്പിന്റെ മർക്കടമുഷ്ടിക്കുമേൽ പൊതുമരാമത്ത് വകുപ്പ് നടപടി കടുപ്പിച്ചതോടെ ഓൾഡ് ആലുവ- മൂന്നാർ രാജപാതയുടെ ശാപമോക്ഷത്തിന് കളമൊരുങ്ങുന്നു. പൂയംകുട്ടിയിലെ ബാരിക്കേഡ് തുറന്ന് നൽകണമന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യുട്ടീവ് എൻജിനിയർ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് കത്ത് നൽകി. പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെയുള്ള പി.ഡബ്ല്യു.ഡി റോഡ് അളന്ന് വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിനായാണിത്.
വനംവകുപ്പ് നിരോധിച്ച പഴയ ആലുവ- മൂന്നാർ റോഡിൽ ഗതാഗതം പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നാളുകളായി പ്രക്ഷോഭത്തിലാണ്. എന്നാൽ വനമേഖലയിലൂടെ കടന്നുപോകുന്ന റോഡ് തുറന്നുനൽകാനാവില്ലെന്ന കടുംപിടുത്തത്തിലാണ് വനംവകുപ്പ്. ഇതിനെതിരെ ഓൾഡ് ആലുവ- മൂന്നാർ റോഡ് ആക്ഷൻ കൗൺസിൽ നടത്തിയ സമരങ്ങളുടെ ഭാഗിക വിജയം കൂടിയാണ് നടപടി.
രാജപാതയുടെ ഭാഗമായ കോതമംഗലം - പെരുമ്പൻകുത്ത് റോഡ് പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ റോഡ്സ് ഡിവിഷന്റെ കീഴിലാണെന്നും റോഡ് കടന്നുപോകുന്ന വനമേഖലയിലെ 44 ഏക്കർ പൊതുമരാമത്ത് വകുപ്പ് സ്ഥലമാണെന്നും അസി.എക്സിക്യുട്ടീവ് എൻജിനിയർ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. പെരുമ്പൻകുത്ത് മുതൽ മൂന്നാർ വരെയുള്ള ഭാഗം പൊതുമരാമത്ത് വകുപ്പ് മൂന്നാർ ഡിവിഷന് കീഴിലുമാണ്. പൂയംകുട്ടിയിൽ വനംവകുപ്പ് ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്. ഇത് തുറന്നുനൽകണമെന്നും റോഡിന്റെ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിന് വനംവകുപ്പ് സഹായിക്കണമെന്നുമാണ് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
 ആലുവ - മൂന്നാർ രാജപാത
1857ൽ ജോൺ ദാനിയേൽ മൺട്രോ എന്ന ബ്രിട്ടീഷ് എൻജിനിയറാണ് ആലുവയിൽ നിന്ന് പെരുമ്പാവൂർ, കോതമംഗലം, പൂയംകൂട്ടി, അമ്പതാംമൈൽ, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലേക്ക് മലയോരപാതയുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. 1924ലെ മഹാപ്രളയത്തിൽ ഈ പാതയിലെ കരിന്തിരിമല ഭാഗത്ത് രണ്ട് കിലോമീറ്ററോളം റോഡ് ഒലിച്ചുപോയി. പിന്നീട് 1934ൽ കോതമംഗലത്തുനിന്ന് നേര്യമംഗലം- അടിമാലി വഴി മൂന്നാറിലേക്ക് താത്കാലിക സംവിധാനമെന്ന നിലയിൽ പുതിയ റോഡ് നിർമ്മിച്ചു.
യാത്ര സുഗമമാക്കും
പാത തുറന്നാൽ മൂന്നാറിലേക്ക് കയറ്റങ്ങളും കൊടുംവളവുകളുമില്ലാതെ യാത്രചെയ്യാം.
കോതമംഗലത്തുനിന്ന് ഹെയർപിൻ വളവുകളും കുത്തുകയറ്റവുമുള്ള പുതിയ റോഡിൽ മഴക്കാലത്ത് ഏറെ അപകട സാദ്ധ്യതയുണ്ട്. എന്നാൽ വനാതിർത്തിയിൽ ജനവാസമുള്ള പൂയംകുട്ടിവരെ മാത്രം ഗതാഗതം അനുവദിച്ചുകൊണ്ട് ബാക്കിഭാഗം വനംവകുപ്പ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. അതോടെ ഉൾവനത്തിലെ നിരവധി ആദിവാസി മേഖലകളും ഒറ്റപ്പെട്ടു.
പാത കടന്നു പോകുന്ന ഇടങ്ങൾ
ആലുവ
പെരുമ്പാവൂർ
കോതമംഗലം
തട്ടേക്കാട്
കുട്ടംപുഴ
പൂയംകൂട്ടി
തോളുനട
കുഞ്ചിയാർ
കുന്ത്രപ്പുഴ
പെരുമ്പൻകുത്ത്
 അമ്പതാംമൈൽ
 ലക്ഷ്മി എസ്റ്റേറ്റ്
 മൂന്നാർ