
മൂവാറ്റുപുഴ : ഗോവയിൽ നടന്ന അയൺമാൻ 70.3 ചലഞ്ചിൽ മികവ് പുലർത്തി ഡൽഹി പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജോയ് എം. റാഫേൽ. എറണാകുളം പുന്നയം അശമന്നൂർ മാങ്കുഴ സ്വദേശിയാണ് 49കാരനായ ജോയ് എം. റാഫേൽ. ഡൽഹി പൊലീസ് ആന്റി കറപ്ഷൻ ബ്യൂറോ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ ജോയ് 1.9 കിലോമീറ്റർ നീന്തലും 90 കിലോമീറ്റർ സൈക്ലിംഗ്, 21 കിലോമീറ്റർ ഓട്ടം എന്നിവ 6:39:23 മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. 45-49 പ്രായ വിഭാഗത്തിൽ 12-ാം സ്ഥാനവും പുരുഷ വിഭാഗത്തിൽ 122-ാം സ്ഥാനവും ഓവറോൾ 149-ാം സ്ഥാനവും നേടി. സ്‌പെയിനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യതയും നേടി. ഡൽഹി പൊലീസിന്റെ 1994 ബാച്ചിലെ അംഗമായ ജോയ് മുമ്പ് വേദാന്ത ഡൽഹി ഹാഫ് മാരത്തൺ 2024 ഉൾപ്പെടെ വിവിധ ഹാഫ് മാരത്തണുകളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ മൂവാറ്റുപുഴ രണ്ടാർ വെള്ളാങ്കൽ ജിൻസിയും മക്കളായ ആഗ്‌നയും ആൻ മരിയയും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.