k-k-anurudhan-thanthiri-

പറവൂർ: താന്ത്രികാചാര്യൻ കല്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആലുവ തന്ത്രവിദ്യാപീഠം ഏർപ്പെടുത്തിയ ആചാര്യ പുരസ്കാരങ്ങൾ ആചാര്യസ്മൃതി ദിനമായ 12ന് സമർപ്പിക്കും. കല്പുഴ ദിവാകരൻ നമ്പൂതിരിപ്പാട് സ്മാരക ആചാര്യപുരസ്കാരം കേരളീയ തന്ത്രശാസ്ത്രത്തിനും ക്ഷേത്രങ്ങളുടെ പരിപോഷണത്തിനും സമഗ്രസംഭാവനകൾക്ക് കെ.കെ. അനിരുദ്ധൻ തന്ത്രി, വേഴപ്പറമ്പ് നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്കാരം വൈദിക സംസ്കൃതിക്കുള്ള സമഗ്രസംഭാവനകൾക്ക് യജുർവേദ പണ്ഡിതൻ പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാട് സ്മാരക ആചാര്യ പുരസ്കാരം പഞ്ചാംഗഗണിത രംഗത്തും ക്ഷേത്രങ്ങളുടെ പരിപോഷണത്തിനുള്ള പ്രവർത്തനങ്ങൾക്കുമായി ജ്യോതിർഗണിത പണ്ഡിതൻ ഡോ. കെ. ബാലകൃഷ്ണവാര്യർ എന്നിവർക്കാണ് പുരസ്കാരം സമർപ്പിക്കുന്നത്. പ്രൊഫ. പി.എം. ഗോപി ചെയർമാനും വി.കെ. വിശ്വനാഥൻ, മുല്ലപ്പള്ളി കൃഷ്ണൻനമ്പൂതിരി, എം. ശ്രീഹർഷൻ എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത്.