
ആലുവ: എടത്തല എട്ടേക്കർ സെന്റ് ജൂഡ് ദേവാലയത്തിൽ ഊട്ടുതിരുന്നാളിന് ഒരു ലക്ഷം പേരെത്തി. രാവിലെ പത്തരയോടെ ആരംഭിച്ച ഊട്ടുസദ്യ രാത്രി വരെ തുടർന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ജാതിമത ഭേദമന്യേ ഒരു ലക്ഷത്തോളം പേർ എത്തിയതായി സംഘാടകർ പറഞ്ഞു. പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പായ ആനന്ദ് പൈയുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കിയത്. ഏഴ് കൗണ്ടറുകളിലായിട്ടാണ് ഭക്ഷണം വിതരണം ചെയ്തത്.
എടത്തല പൊലീസിന്റെ നേതൃത്വത്തിൽ സുരക്ഷാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. സുരക്ഷക്കായി അഗ്നിശമന സേനയുംഎത്തിയിരുന്നു. അൻവർ സാദത്ത് എം.എൽ.എ, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പി.എ. മുജീബ്, മഹിള കോൺഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് അച്ചാമ്മ സ്റ്റീഫൻ എന്നിവർ ഉൾപ്പെടെ നിരവധി പേർ ഊട്ടുസദ്യയിൽ പങ്കെടുക്കാനെത്തി.
തിരുന്നാൾ ദിവ്യബലിക്കും ആയിരങ്ങൾ
ആലുവ: എടത്തല എട്ടേക്കർ സെന്റ് ജൂഡ് ദേവാലയത്തിൽ ഊട്ടുതിരുന്നാളിനോടനുബന്ധിച്ച് നടന്ന ദിവ്യബലിയിലും ആയിരങ്ങളാണ് പങ്കെടുത്തത്. വിജയപുരം രൂപത സഹായ മെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. റെനിൽ തോമസ്, ഫാ. എബിൻ വിവേര, ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ എന്നിവർ സഹകാർമ്മികളായിരുന്നു. ഫാ. ലാസർ സിന്റോ വചന സന്ദേശം നൽകി. വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ, സഹവികാരി ഫാ. ആൽഫിൻ കൊച്ചുവീട്ടിൽ, ജന. കൺവീനർ ജോണി ക്രിസ്റ്റഫർ, ജോ. കൺവീനർമാരായ ബിജു മാതിരപ്പിള്ളി, റോഷൻ സെബാസ്റ്റ്യൻ, ഫിനാൻസ് കൺവീനർ സെൽസൺ സെക്യൂര, ഫിനാൻസ് ജോയിന്റ് കൺവീനർ ആന്റണി കുറ്റിശേരി എന്നിവർ നേതൃത്വം നൽകി.