mla

ആലുവ: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോടതിയുടെ ഉത്തരവ് പ്രകാരം ആലുവ അർബൻ സഹകരണ ബാങ്ക് ജപ്തി ചെയ്ത കീഴ്മാട് ചാലക്കൽ കുഴിക്കാട്ടുമാലി കെ.കെ. വൈരമണിയുടെ വീട് അൻവർ സാദത്ത് എം.എൽ.എ സന്ദർശിച്ചു. വായ്പാ കുടിശിക അടക്കുന്നതിനായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അഭ്യുദയകാംക്ഷി രണ്ട് ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചതായി എം.എൽ.എ വീട്ടുകാരോട് അറിയിച്ചു.

ബുധനാഴ്ച രാവിലെയാണ് വൈരമണിയുടെ വീട് അഭിഭാഷക കമ്മിഷന്റെ സാന്നിദ്ധ്യത്തിൽ ബാങ്ക് അധികൃതർ ജപ്തി ചെയ്തത്. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്ന എം.എൽ.എ സംഭവമറിഞ്ഞ് ബാങ്ക് ചെയർമാൻ അബ്ദുൽ മുത്തലിബുമായി ബന്ധപ്പെടുകയും പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്കുകയും ചെയ്തു. തുടർന്ന് രാത്രി തന്നെ ബാങ്ക് ജീവനക്കാരെത്തി പൂട്ടിയ വീടു തുറന്നു കൊടുത്തു. ഇന്ന് രാവിലെ ബാങ്കിൽ നേരിട്ടെത്തി വൈരമണിക്ക് ചർച്ച നടത്തുന്നതിനും എം.എൽ.എ സൗകര്യമൊരുക്കിയിട്ടുണ്ട്.

അൻവർ സാദത്ത് എം.എൽ.എക്കൊപ്പം യു .ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ. മുജീബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ, സാജു മത്തായി, കെ.കെ. സതീശൻ, ഷറഫുദ്ധീൻ, അസർ, മുഹമ്മദ് താഹിർ, മുഹമ്മദ് ഫസൽ, അഫ്‌സൽ എന്നിവരുമുണ്ടായിരുന്നു.