പിറവം: പിറവം ടൗണിൽ ലോട്ടറി വില്പനക്കാരനെ തലയ്ക്ക് അടിയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തി. പാഴൂർ പോഴിമല കോളനി സ്വദേശി ഗണേശനാണ് (56) തലയ്ക്ക് അടിയേറ്റത്. ബുധനാഴ്ച രാവിലെ പിറവം പഴയ ബസ് സ്റ്റാൻഡ് ഭാഗത്തെ ഇരുനില കെട്ടിടത്തിലാണ് ഗണേശനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ചുമട്ടുതൊഴിലാളികൾ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെ ത്തിയ പിറവം പൊലീസ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അബോധാവസ്ഥയിലായ ഗണേശൻ ഇനിയും അപകട നില തരണം ചെയ്തിട്ടില്ല. തലേന്ന് രാത്രി ഗണേശനും മറ്റൊരാളുമായി ടൗണിൽ സംഘട്ടനം നടന്നിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രി വൈകിയാണ് ഗണേശൻ ആക്രമിക്കപ്പെട്ടതെന്നും ടൗണിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് അന്വേഷണമാരംഭിച്ചെന്നും പൊലീസ് അറിയിച്ചു.