തിരുവനന്തപുരം.കുലീനമായ വ്യക്തിത്വം, സൗമ്യമായ പെരുമാറ്റം.ഡോ.സുധാ വാര്യരെ ഒരുവട്ടം പരിചയപ്പെടുന്നവർ
ആരും മറക്കില്ല. സ്നേഹസമ്പന്നമായ ആ സ്വഭാവ സവിഷേഷതയാണ് എല്ലാവരെയും ആകർഷിക്കുന്നത് ' ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം
മുതൽക്കെ അറിയാം. എന്റെ അച്ഛൻ കാർഡിയോളജി വിഭാഗത്തിലും ( ഡോ.പി.കെ.ആർ.വാര്യർ) സുധ ചേച്ചിയുടെ ഭർത്താവ് ഡോ.ജി.കെ.വാര്യർ ജനറൽ മെഡിസിനിലുമായിരുന്നു.അടുത്ത സുഹൃത്തുക്കളുമായിരുന്നു. അങ്ങനെയും അടുപ്പം ഉണ്ടായിരുന്നു.ഒരു റോൾ മോഡൽ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമായിരുന്നു
അവരുടേത്.' -ഷാജി.എൻ.കരുണിന്റെ ഭാര്യ അനസൂയ പറഞ്ഞു.
കഴിഞ്ഞ ദിവസം അന്തരിച്ച ഡോ.സുധാവാര്യർ വിപുലമായ സൗഹൃദങ്ങളുടെ ഉടമയായിരുന്നു .റഷ്യൻ ഭാഷയിലും ഇംഗ്ഗ്ളീഷിലും അഗാധ പാണ്ഡിത്യമുള്ളയാളായിരുന്നു.റഷ്യൻ ഭാഷയിൽ കേരള സർവകലാശാലയിൽ നിന്നും ആദ്യമായി ഡോക്ടറേറ്റ് നേടിയപ്പോൾ സോവിയറ്റ് സർക്കാർ റഷ്യയിലേക്ക് ക്ഷണിക്കുകയും അവിടെ അതിഥിയായി സന്ദർശനം നടത്തുകയും ചെയ്തിരുന്നു. അന്ന് തിരുവനന്തപുരത്ത് ഇൻഡോ സോവിയറ്റ് കൾച്ചറൽ സൊസൈറ്റിയായ ഇസ്കസിൽ റഷ്യൻ ഭാഷ പഠിപ്പിക്കുകയും ചെയ്തു.സിനിമയെക്കുറിച്ചും നല്ല ജ്ഞാനമായിരുന്നു.കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ വിദേശ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന സമിതിയിൽ പലവട്ടം അംഗമായിരുന്നു.
സ്ത്രീകൾ സ്വതന്ത്രമായി ചിന്തിക്കുകയും ജീവിക്കുകയും വേണമെന്ന് അവർ എപ്പോഴും പറയുമായിരുന്നു.ജി.കെ.വാര്യർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറിയപ്പോൾ കുറെക്കാലം അവിടെയായിരുന്നു താമസം. ഭർത്താവിന്റെ വിയോഗ ശേഷം
തിരുവനന്തപുരത്തെത്തിയപ്പോൾ ജവഹർനഗറിലുള്ള സരസ്വതി നിലയം ഫ്ളാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം.മറവി രോഗം ബാധിച്ചതോടെയാണ് മകൾ സുലോചനയുടെ വീട്ടിലേക്ക് താമസം മാറ്റിയത്.അനവധി ഗ്രന്ഥങ്ങൾ രചിച്ചു.കോട്ടയ്ക്കലിലെ ഡോ.പി.കെ.വാര്യരുടെ ആത്മകഥ അദ്ദേഹം അഭ്യർത്ഥിച്ചതനുസരിച്ച് ഇംഗ്ളീഷിലേക്ക് തർജ്ജിമ ചെയ്തു.
ഷാരൂഖ് ഖാന്റെ ആത്മകഥ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായിട്ടേ സുധാവാര്യരെ കാണാൻ
കഴിയുമായിരുന്നുള്ളു.