manjipuzha

കവിയായും ചിത്രകാരനായും ശോഭിക്കാനാവുക. അഭിഭാഷകനും പൊതു പ്രവർത്തകനുമായി തിളങ്ങുക... ജീവിതത്തിന്റെ അദ്ധ്യായങ്ങളിൽ ബഹുമുഖ പ്രതിഭ പ്രകടിപ്പിച്ച അഡ്വ. മഞ്ഞിപ്പുഴ നടരാജൻ വിടപറയുമ്പോൾ ഒരു ചോദ്യം ബാക്കിയാകുന്നു. അദ്ദേഹം അർഹിച്ച അംഗീകാരം ലഭിച്ചോയെന്ന ചോദ്യം. തന്റെ കർമ്മപാത ഒരു നിയോഗമായി കാണുകയും തികഞ്ഞ അച്ചടക്കത്തോടെ, അടുപ്പമുള്ളവർക്കെല്ലാം മാതൃകയായി പ്രവർത്തിക്കുകയും ചെയ്ത നടരാജൻ 88-ാം വയസിലാണ് യാത്രയായത്.

കൊല്ലം ചവറ തെക്കുംഭാഗത്തെ പ്രശസ്തമായ കുമ്പിത്തോടിൽ വീട്ടിൽ ശ്രേഷ്ഠ ചിത്രകാരൻ എം.ഐ. വേലുവിന്റെയും എൻ. ദേവസേനയുടെയും മകനായാണ് ജനനം. ആർട്ടിസ്റ്റ് എം.ഐ. വേലു ആ കാലഘട്ടത്തിൽ ജീവിച്ച ഏറ്റവും പ്രഗത്ഭമതിയായ ചിത്രകാരനായിരുന്നു. തപാൽ സ്റ്റാമ്പിൽ കാണുന്ന ശ്രീനാരായണ ഗുരുദേവന്റെ ചിത്രം വേലു

വരച്ചതായിരുന്നു. ആർ.ശങ്കറായിരുന്നു അതിന് അദ്ദേഹത്തെ ചുമതലപ്പെടുത്തിയതെന്ന് ഡോ. ജി.കെ.ശശിധരൻ പറയുന്നു. വേദാന്തവും ഭൗതികശാസ്ത്രവും കോർത്തിണക്കി അമൂല്യമായ ഗ്രന്ഥങ്ങൾ കൈരളിക്കു സമ്മാനിച്ച മുൻ പ്രോ വൈസ് ചാൻസലർ കൂടിയായ ശശിധരൻ നടരാജന്റെ പിതൃസഹോദര പുത്രനാണ്. ചലച്ചിത്ര സംവിധായകൻ എ.വി. തമ്പാൻ നടരാജന്റെ അനുജനാണ്. നടരാജന്റെ മകൾ ഡോ. മഞ്ജുഷ ആർട്ടിസ്റ്റ് വേലുവിനെക്കുറിച്ചെടുത്ത ഡോക്യുമെന്ററിക്ക് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

അച്ഛനിൽ നിന്നു ലഭിച്ച വരയുടെ പാരമ്പര്യം നടരാജനും പ്രായോഗികമാക്കിയിരുന്നു. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് 1958-ൽ ബി.എ. പാസായി. വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. ഇതിനിടെ ചിത്രരചന ഒപ്പം കൊണ്ടുപോയി. സംഗീതത്തിലും തത്പരനായിരുന്നു. പുല്ലാങ്കുഴൽ നന്നായി വായിക്കുമായിരുന്നു. ജോലിയിലിരിക്കെ തന്നെ എൽ.എൽ.ബി പാസായി.തുടർന്ന് രാജിവച്ച് തിരുവനന്തപുരത്ത് വഞ്ചിയൂർ ബാറിലെ അഭിഭാഷകനായി. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും സജീവമായിരുന്നു.

ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ ജോലിയിലിരിക്കെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനു മുന്നിൽ സ്വന്തം കവിത അവതരിപ്പിക്കാൻ കഴി‌ഞ്ഞതാണ് കവിയെന്ന നിലയിൽ വഴിത്തിരിവായതെന്ന് മഞ്ഞിപ്പുഴ നടരാജൻ പറയുമായിരുന്നു. അന്ന് ബോയ്സ് ഹൈസ്ക്കൂളിൽ ഹെഡ്മാസ്റ്ററായി പ്രവർത്തിക്കുകയായിരുന്നു വൈലോപ്പിള്ളി. കവിതകൾ എഴുതാൻ പ്രോത്സാഹിപ്പിച്ചത് വൈലോപ്പിള്ളിയാണ്. ഓരോ കവിതയെഴുതുമ്പോഴും അത് വൈലോപ്പിള്ളിയെ കാണിക്കും.അദ്ദേഹം പറഞ്ഞ നല്ലവാക്കുകൾ എഴുത്തു തുടരാൻ പ്രചോദനമായെന്നു മാത്രമല്ല, ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരവുമായാണ് കണ്ടതെന്ന് നടരാജൻ പറഞ്ഞിട്ടുണ്ട്.

'ജീവനഗീതങ്ങൾ" എന്ന കാവ്യ സമാഹാരത്തിന്റെ അവതാരികയിൽ ഡോ.ബാബു വിജയനാഥൻ ഇങ്ങനെ എഴുതുന്നു: ' പ്രക‌ൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്ന തരത്തിൽ മരങ്ങൾ വെട്ടിമുറിക്കുന്നതും മലകൾ ഇടിച്ചു നിരത്തുന്നതും വിളിച്ചുവരുത്തുന്ന അപകടങ്ങളെക്കുറിച്ച് കവി ഓർമ്മിപ്പിക്കുന്നു. ക്രാന്തദർശിയായ ഒരു കവിയുടെ പ്രകാശം ആ കവിതകളിലെല്ലാം കാണാൻ കഴിയും." സ്വസ്ഥവും സ്നേഹസമ്പൂർണവുമായ കുടുംബജീവിതമാണ് തന്റെ വിജയമെന്ന് മഞ്ഞിപ്പുഴ പറയുമായിരുന്നു.സുധാദേവിയാണ് ഭാര്യ. മൂന്നു മക്കൾ. പേരക്കുട്ടികളുമൊക്കയായി സന്തുഷ്ട ജീവിതം നയിക്കുമ്പോൾ വാർദ്ധക്യസഹജമായ അസുഖങ്ങളാലാണ് വിയോഗം.

'കേരളകൗമുദി"യുമായി പത്രാധിപരുടെ കാലം മുതൽക്കേ അടുപ്പമാണ്. രാവിലെ 'കേരളകൗമുദി" കണ്ടില്ലെങ്കിൽ അന്നത്തെ ദിവസത്തിന് ഒരു ഊർജ്ജസ്വലതയുമുണ്ടാകില്ലെന്ന് പറയുമായിരുന്നു. ഇതെഴുതുന്നയാൾ 'കൗമുദി" യിലെത്തിയ കാലത്താണ് മഞ്ഞിപ്പുഴ നടരാജനെ പരിചയപ്പെടുന്നത്. ഫോണിൽ വിളിക്കും. വാർത്തകളെക്കുറിച്ച് സംസാരിക്കും. കവിത, ചിത്രരചന, സംഗീതം,​ രാഷ്ട്രീയം.... ഇങ്ങനെ പല വിഷയങ്ങളും കടന്നുവരും. പലപ്പോഴും കാണാൻ ആഗ്രഹിച്ചു. പക്ഷെ ഈ കാലയളവിലൊന്നും അങ്ങനെയൊകു കൂടിക്കാഴ്ചയുണ്ടായില്ല. അതേക്കുറിച്ച് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. പ്രണാമം,​ അഡ്വ. മഞ്ഞിപ്പുഴ നടരാജൻ.