തൊടുപുഴ: സവാള അരിയേണ്ട, വില അറിഞ്ഞാൽ തന്നെ സാധാരണക്കാരന്റെ കണ്ണ് നിറയും. ഓണത്തിന് മുമ്പ് കിലോ 40 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോൾ 65 രൂപയായി. ഞെട്ടിക്കാൻ ഒപ്പത്തിന് വെളുത്തുള്ളിയുമുണ്ട്. കിലോ 400 രൂപയാണ് വില. ഓണക്കാലം കഴിയുമ്പോൾ വില താഴുമെന്ന് ചിന്തിച്ചവർക്ക് തെറ്റി. എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലയും ഉയർന്നു തന്നെ നിൽക്കുകയാണ്. ഈ ഉയർന്ന വില സാധാരണക്കാരുടെ അടുക്കള ബഡ്ജറ്റിന്റെ താളമാണ് തെറ്റിച്ചത്. സവാളയും വെളുത്തുള്ളിയും കടലയുമുൾപ്പെടെ പല നിത്യോപയോഗ സാധനങ്ങളും മലയാളി ഗൃഹങ്ങളിലേക്ക് എത്തുന്നത് പൂനെ ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ നാടുകളിൽ നിന്നാണ്. ഉത്പാദനം കുറഞ്ഞതാണ് പ്രധാനമായും ഞെട്ടിക്കുന്ന വിലയ്ക്ക് പിന്നിൽ. പാം ഓയിൽ, സൺഫ്ലവർ ഓയിൽ തുടങ്ങി എല്ലാ എണ്ണ ഉത്പന്നങ്ങളുടെയും വില കൂടിയിട്ടുണ്ട്. 130 രൂപയായിരുന്ന സൺഫ്ലവർ ഓയിൽ 145ലെത്തി. പതിനഞ്ച് രൂപയിലധികമാണ് വർദ്ധിച്ചത്. കയറ്റുമതി തീരുവയിലുണ്ടായ വർദ്ധനവാണ് ഇതിന് കാരണം. 130 രൂപയായിരുന്ന ഡാൽഡ ഇപ്പോൾ 30 രൂപ വർദ്ധിച്ച് 160ലെത്തി. തേങ്ങയ്ക്ക് 70 രൂപയായി. ഇതോടെയാണ് വെളിച്ചെണ്ണ വില 230ലെത്തിയത്. 50 രൂപയായിരുന്ന കടല പോലെയുള്ള ഉത്പന്നങ്ങളാണ് ഓണക്കാലം കഴിഞ്ഞിട്ടും വില മാറാതെ നിൽക്കുന്നത്. ഓണത്തിന് തൊട്ടു മുമ്പാണ് വില വർദ്ധിച്ച് തുടങ്ങിയത്.
വില ഇങ്ങനെ
സവാള- 65
വെളുത്തുള്ളി- 400
സൺഫ്ലളവർ ഓയിൽ- 145
വെളിച്ചെണ്ണ- 230
പാംഓയിൽ- 135
ഡാൽഡ- 160
കടല- 95
പരിപ്പ്- 100
ചെറുപയർ- 120
വൻപയർ- 120
ഗ്രീൻപീസ്- 185