
കട്ടപ്പന: സാംസ്‌കാരിക വകുപ്പ് ജില്ലാ കോർഡിനേറ്ററായി കട്ടപ്പന സ്വദേശി എസ്. സൂര്യലാൽ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. അഭിനേതാവും മാദ്ധ്യമ പ്രവർത്തകനുമായ സൂര്യലാൽ നിലവിൽ കേരള സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതി ജില്ലാ സെക്രട്ടറിയാണ്.
കവിയും സാഹിത്യകാരനുമായ സുഗതൻ കരുവാറ്റയുടെയും പൊന്നമ്മയുടെയും മകനാണ്. നാടകങ്ങളിലൂടെയാണ് കലാരംഗത്തെത്തുന്നത്. ജില്ലാ സ്‌കൂൾ കലോത്സവത്തിലും കേരളോത്സവത്തിലും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സൂര്യലാൽ 2013ലെ ദേശീയ, അന്തർദേശീയ നാടകോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട ദർശനയുടെ 'ഒഴിവു ദിവസത്തെ കളി'എന്ന നാടകത്തിലും 2023ൽ 'തോറ്റവരുടെ യുദ്ധങ്ങൾ' എന്ന നാടകത്തിലും പ്രധാന വേഷം ചെയ്തു. പത്തോളം തമിഴ്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അദ്ധ്യാപികയായ ശ്യാമയാണ് ഭാര്യ. കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അഹാൻ സൂര്യയാണ് മകൻ.