bus
മൂലമറ്റത്തെ കെ.എസ്.ആർ.ടി.സി.ബസ് സ്റ്റേഷൻ

മൂലമറ്റം: അറക്കുളം പഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിനുള്ള ജനകീയ ക്യാമ്പയിന് തുടക്കമിട്ട് മൂലമറ്റത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനെ ഹരിത ബസ് സ്റ്റേഷനാക്കുന്നു. ഇതിന് തുടക്കമിട്ട് പഞ്ചായത്ത് ഇന്ന് ജനപങ്കാളിത്തത്തോടെ മെഗാ ശുചീകരണ പരിപാടി നടത്തും. വിവിധ രാഷ്ട്രീയപ്പാർട്ടികൾ, സന്നദ്ധസംഘടനകൾ, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ തുടങ്ങി നാനാവിഭാഗവുമായി ചേർന്നാണ് ഹരിത ബസ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി ബസ് സ്റ്റേഷനിൽ പാഴ് വസ്തുക്കൾ തരം തിരിച്ച് ശേഖരിക്കുന്നതിനുള്ള ബിന്നുകൾ പഞ്ചായത്ത് നൽകും. ബസ് സ്റ്റേഷനിൽ ടോയ്‌ലറ്റ് കോംപ്ലക്സ് നിർമ്മിക്കാൻ മൂന്നു ലക്ഷം രൂപയുടെ പദ്ധതിയും വൈകാതെ നടപ്പാക്കും. ജൈവ മാലിന്യങ്ങൾ കുറവാണെങ്കിലും സുരക്ഷിതമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനവും പഞ്ചായത്ത് ഒരുക്കും. ഡിപ്പോയിൽ ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് ഡിപ്പോ ഇൻ ചാർജ്ജ് പ്രസന്നനെ നോഡൽ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. വിവിധ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജില്ലാതല പരിശോധനാ സമിതിയുടെ വിലയിരുത്തലുണ്ടാകും. അതിന് ശേഷമാകും ബസ് സ്റ്റേഷന് ഹരിത സർട്ടിഫിക്കറ്റ് നൽകുക.

സ്വകാര്യ ബസ് സ്റ്റാൻഡും

ശുചീകരിക്കും

മാലിന്യമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി മൂലമറ്റത്തെ പഞ്ചായത്തിന്റെ സ്വകാര്യ ബസ് സ്റ്റാൻഡും ശുചീകരിക്കും. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സർട്ടിഫിക്കറ്റ് നേടിയ ശേഷം പഞ്ചായത്ത് ബസ് സ്റ്റാൻഡിനെയും ഹരിത പദവിയിലേയ്‌ക്കെത്തിക്കാനാണ് പഞ്ചായത്ത് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനും സെക്രട്ടറി കൺവീനറുമായ ജനകീയ സമിതിയാണ് മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.