തൊടുപുഴ: ഉണ്ടിരുന്ന നായർക്കുണ്ടായ ഉൾവിളി പോലെ പി.വി. അൻവർ വീരനായക വേഷത്തിൽ പലതും വിളിച്ചുപറയുമ്പോൾ മുമ്പ് തണൽ നൽകിയവർ അന്തംവിട്ടു നിൽക്കുകയാണെന്ന് സി.പി.ഐ നേതാവ് കെ.കെ. ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചു. ഇടതുപക്ഷത്തിന്റെ ഒറ്റുകാരനായി അവതരിച്ച് പിന്നീട് ഇടതുപക്ഷത്തിന്റെ നായകനായും രക്ഷാകർത്താവായും ഏറ്റവും അവസാനം ഇടതുപക്ഷ അന്തകനായും വേഷം കെട്ടുന്ന പി.വി. അൻവറിന്റെ രാഷ്ട്രീയ വളർച്ച കൗതുകത്തോടെ കൂടി നോക്കിക്കാണുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 2011ൽ ഏറനാട് നിയമസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്ര വേഷം കെട്ടി മത്സരരംഗത്ത് വന്നയാളാണ് അൻവർ. അന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ. ചന്ദ്രപ്പനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു കൊണ്ടാണ് മത്സരിച്ചത്. ഇടതുപക്ഷത്തിന്റെ ഒറ്റുകാരനായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും രണ്ടാം സ്ഥാനത്ത് എത്തി. ആരുടെ വോട്ടാണ് അൻവർ പിടിച്ചതെന്ന് എല്ലാവർക്കും അറിയാം. 2014ൽ വീണ്ടും ഈ ഒറ്റുകാരൻ വയനാട്ടിൽ സ്വതന്ത്ര വേഷം കെട്ടി മത്സരരംഗത്ത് വന്നു. അന്ന് അൻവർ പിടിച്ച ഇടതുപക്ഷ വോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് കിട്ടിയിരുന്നെങ്കിൽ ജയിക്കാൻ കഴിയുമായിരുന്നുവെന്ന് അന്നത്തെ വോട്ടു കണക്ക് പരിശോധിച്ചാൽ മനസിലാകും. ഈ ഒറ്റുകാരനെ തന്നെ 2016ലും 2021ലും നിലമ്പൂരിൽ ഇടതു സ്വതന്ത്രനാക്കി അവതരിപ്പിച്ചവർ അറിഞ്ഞില്ല ഭസ്മാസുരന് വരം കൊടുക്കുകയായിരുന്നെന്ന്. അടുത്ത എട്ടുവർഷത്തിനുള്ളിൽ അൻവറിന്റെ പല വീര അപദാനങ്ങൾ പുറത്തുവന്നു. ഭൂമി കൈയേറ്റം, അനധികൃത പാർക്ക്, നിയമവിരുദ്ധ തടയണ. ഇതിനെല്ലാം കോടതിയുടെ ശക്തമായ ഇടപെടലുകൾ ഉണ്ടായി. അധികാരത്തിന്റെ തണലിൽ അൻവർ സുരക്ഷിതനായി കഴിഞ്ഞു. ഇപ്പോൾ എന്തുപറ്റി? വിശുദ്ധ പുണ്യാളൻ ആവാനുള്ള ശ്രമമാണോയെന്നും ശിവരാമൻ ചോദിക്കുന്നു.