തൊടുപുഴ: അമിത വേഗതയിലെത്തിയ അംബുലൻസ് നിയന്ത്രണം വിട്ട് ഇടിച്ച് കാൽനടയാത്രക്കാരിയായ വൃദ്ധയ്ക്ക് ഗുരുതര പരിക്ക്. ഇതിന് ശേഷം ആംബുലൻസ് ഒരു കാറിന്റെ പിന്നിലുമിടിച്ചു. പോത്താനിക്കാട് ചാത്തമറ്റം ചേന്നംകുളത്ത് വീട്ടിൽ സെലിൻ പോളിനാണ് (72) അപകടത്തിൽ ഗുരുതര പരിക്കേറ്റത്. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ വയോധികയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. വയോധികയുടെ നില ഗുരുതരമായി തുടരുകയാണെന്നും നിലവിൽ വെന്റിലേറ്ററിലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20ന് തൊടുപുഴ- കോതായിക്കുന്ന് ബൈപ്പാസിലായിരുന്നു അപകടം. രോഗിയെ കൊണ്ടുവരാനായി അമിതവേഗതയിൽ കോട്ടയത്തേക്ക് പോകുന്നതിനിടെ മഴ പെയ്ത് നനഞ്ഞുകിടക്കുകയായിരുന്ന റോഡിൽ അംബുലൻസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിൽ കലാശിച്ചതെന്നാണ് വിവരം. വൃദ്ധയെ ഇടിച്ച ശേഷം റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് ആംബുലൻസ് നിന്നത്. കാറിന്റെ പിന്നിലെ ചില്ല് തകർന്നു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
കോലാനി സ്വദേശിയായ ഐജിൻ എന്നയാളാണ് ആംബുലൻസ് ഓടിച്ചിരുന്നതെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. അപകടത്തിൽ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. ആംബുലൻസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.