
അടിമാലി: വിനോദസഞ്ചാരികളെ ആകർഷിച്ച് പൊൻമുടി നാടുകാണി വ്യൂപോയിന്റ്.ഇടുക്കിയിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് പൊൻമുടി ജലാശയം.അണക്കെട്ടിലെ കാഴ്ച്ചകളും ബോട്ടിംഗുമൊക്കെ ആസ്വദിക്കാൻ സഞ്ചാരികൾ എത്തുന്നു.ഈ പൊൻമുടി ജലാശയത്തോട് ചേർന്ന് കിടക്കുന്ന സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കേന്ദ്രമാണ് നാടുകാണി വ്യൂപോയിന്റ്.പൊൻമുടി അണക്കെട്ടിന് സമീപത്തായാണ് നാടുകാണി വ്യൂപോയിന്റ്. സദാസമയവും വീശിയടിക്കുന്ന കാറ്റും ദൂരേക്കുള്ള പരന്ന കാഴ്ച്ചകളുമാണ് നാടുകാണിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.മലഞ്ചെരുവുകളാൽ സമ്പന്നമായ ഹൈറേഞ്ചിന്റെ വിദൂരകാഴ്ച്ചയാണ് നാടുകാണി വ്യൂപോയിന്റ് സമ്മാനിക്കുന്നത്.മഴകുറഞ്ഞതോടെ സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചു.സഫാരി ജീപ്പുകളിലോ സ്വന്തം വാഹനങ്ങളിലോ നാടുകാണി വ്യൂപോയിന്റിലേക്കെത്താം.സഞ്ചാരികൾക്കായി ചില വ്യാപാര ശാലകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കാഴ്ച്ചകൾ കണ്ടും ചിത്രങ്ങൾ പകർത്തിയും ഏറെ സമയം ചിലവഴിച്ചാണ് സഞ്ചാരികൾ ഇവിടെ നിന്നും മടങ്ങാറുള്ളത്.