തൊടുപുഴ: ഇന്നലെ വിധി വന്ന അമ്മിണി കൊലക്കേസിൽ,​ ഒന്നര മാസത്തോളം പഴക്കമുള്ള അമ്മിണിയുടെ മൃതദേഹം തിരിച്ചറിഞ്ഞത് മൂത്ത സഹോദരി വിജയമ്മയായിരുന്നു. ഇതിന് വിജയമ്മയെ സഹായിച്ചത് താൻ വാങ്ങി നൽകിയ മഞ്ഞ സാരിയായിരുന്നു. ജീർണിച്ച മൃതദേഹം മഞ്ഞ സാരിയിൽ പൊതിഞ്ഞ നിലയിലായിരുന്നു. കൊലനടന്ന ജൂൺ രണ്ടിന് രാത്രിയും അമ്മിണിയുമായി കാഞ്ഞാറിൽ താമസിക്കുന്ന വിജയമ്മ ഫോണിൽ സംസാരിച്ചിരുന്നു. ഇടയിൽ വാതിലിൽ ആരോ തട്ടുന്നുവെന്ന് പറഞ്ഞാണ് ഫോൺ കട്ട് ചെയ്തത്. പിന്നെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. കൊവിഡ് ലോക്ക്ഡൗൺ നിലനിന്നതിനാൽ 14 ദിവസം കഴിഞ്ഞാണ് കട്ടപ്പനയിലെത്തി പൊലീസിൽ പരാതിപ്പെട്ടത്. വീട്ടിൽ അന്വേഷിച്ചെത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നു. തമിഴ്നാട്ടിലുള്ള ഭർത്താവ് കാമാക്ഷിയുടെ അടുത്തേക്ക് പോയെന്നാണ് കരുതിയത്. പിന്നീടാണ് പൊലീസ് അന്വേഷണത്തിൽ വീടിന് സമീപം മൺകൂന കാണുന്നതും മൃതദേഹം കണ്ടെത്തുന്നതും. മുഖം വികൃതമായിരുന്നിട്ടും അമ്മിണിയിലേക്ക് സൂചന പോയത് വിജയമ്മ വാങ്ങി നൽകിയ സാരി തിരിച്ചറിഞ്ഞതാണ്. അമ്മിണിയുടെ തിരിച്ചറിയൽ രേഖകളും കുഴിയിലുണ്ടായിരുന്നു. കൊല നടത്തി മൂന്നുദിവസത്തിന് ശേഷമാണ് കുഴിച്ചിട്ടത്. തലയോട്ടിയിൽ നിന്ന് മുടി അടർന്നുപോയിരുന്നു. ഇത് പ്രതി വീട്ടിലെ ചവിട്ടുപടിയുടെ അടിയിലുള്ള പൊത്തിലാണ് സൂക്ഷിച്ചത്. മുടി ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് അമ്മിണി തന്നെയാണെന്ന് പൂർണമായി സ്ഥിരീകരിച്ചത്.