
രാജകുമാരി: ബൈക്കിൽ ജീപ്പിടിച്ച് പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൂപ്പാറ കൊല്ലംപറമ്പിൽ വിഷ്ണു (25) ആണ് മരിച്ചത്. കഴിഞ്ഞ 29ന് എസ്റ്റേറ്റ് പൂപ്പാറയിൽ വച്ചാണ് അമിത വേഗത്തിൽ എത്തിയ ജീപ്പ് വിഷ്ണു ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണു ഇന്നലെ മരണമടഞ്ഞു. വിഷ്ണുവിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ ജീപ്പ് പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എൻആർ സിറ്റി, വള്ളിശ്ശേരിയിൽ ബിനോജിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ വാഹനം എന്ന പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ജീപ്പിന്റെ ചില്ല് പതിച്ച് കണ്ണിന് പരുക്കേറ്റ ബിനോജ് ചികിത്സയിലാണ്. ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. പൂപ്പാറയിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച വിഷ്ണു. പിതാവ് : വിജയരാജ്. മാതാവ് :മഞ്ജു. സഹോദരിമാർ മാളു, ദേവു.