
കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി എണ്ണമറ്റ നിയമങ്ങളും സംഘടനകളും പദ്ധതികളുമൊക്ക നമ്മുടെ നാട്ടിലുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കുള്ള അന്തരീക്ഷമൊരുക്കുന്നതിനും, അവർ നേരിടുന്ന പീഡനങ്ങൾ ഒഴിവാക്കാൻ ശക്തമായ നടപടികളുമുള്ള നിയമങ്ങളുമുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി, ശിശുസംരക്ഷണ സമിതി, ചൈൽഡ് ലൈൻ, ബാലാവകാശ കമ്മിഷൻ, ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി തുടങ്ങി കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള സമിതികളിലൂടെയും കമ്മിഷനുകളിലൂടെയും കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരളം മുന്നോട്ട് പോയിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാൽ ആവശ്യത്തിന് പണമില്ലെങ്കിൽ ഇവയുടെയെല്ലാം പ്രവർത്തനം താളം തെറ്റും. ഇത്തരത്തിൽ മാസങ്ങളായി സർക്കാർ ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന് കുട്ടികൾക്കുള്ള രണ്ട് പ്രധാന ക്ഷേമ പദ്ധതികളാണ് അവതാളത്തിലായിരിക്കുന്നത്. കേസുകളിലകപ്പെടുന്ന കുട്ടികൾക്ക് നിയമസഹായമടക്കം നൽകുന്ന, രാജ്യത്തിന് തന്നെ മാതൃകയെന്ന് സുപ്രീംകോടതി പ്രശംസിച്ച കാവൽ പദ്ധതിയും പോക്സോ കേസിലടക്കം ഇരകളാകുന്ന കുട്ടികളെ സംരക്ഷിക്കുന്ന കാവൽ പ്ലസ് പദ്ധതിയുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ആവശ്യത്തിന്
ഫണ്ടില്ല
കാവൽ പ്ലസിന് ഒമ്പതും കാവലിന് ഏഴും മാസത്തിലേറെയായി ഫണ്ട് ലഭിച്ചിട്ട്. ഇതോടെ രണ്ട് പദ്ധതികളിലുമുള്ള അയ്യായിരത്തോളം വരുന്ന കുട്ടികളാണ് ദുരിതത്തിലായത്. ഭക്ഷണം, നിയമ സഹായം, സംരക്ഷണം, ലഹരിവിമുക്ത ചികിത്സ, മാനസികരോഗ്യ ചികിത്സ, പഠനസഹായം, തൊഴിൽ പരിശീലനം, കൗൺസലിംഗ് എന്നിവ ആവശ്യമുള്ളവരാണ് പദ്ധതി ഗുണഭോക്താക്കളായ കുട്ടികളിലേറെയും. അതിനായി ചെറിയ തുക വകയിരുത്താറുമുണ്ട്. എന്നാൽ ഫണ്ട് മുടങ്ങിയതോടെ ഇതെല്ലാം നിന്നു. ഗുണഭോക്താക്കളായ കുട്ടികളുടെ വീട് സന്ദർശിച്ചു ആവശ്യമായ ഇടപെടൽ നടത്തുകയെന്നത് പദ്ധതിയിൽ വളരെ പ്രധാനപ്പെട്ടതാണ്. മിക്ക കുട്ടികളുടെയും കുടുംബത്തിലും നിരന്തര ഇടപെടൽ ആവശ്യമുണ്ട്. ജീവനക്കാർക്ക് യാത്ര ചെലവ് ലഭ്യമാകാത്തതിനാൽ അവ വേണ്ടത്ര ഇപ്പോൾ നടത്താനാവുന്നില്ല. ലഹരിവിമുക്ത ചികിത്സ, മാനസികരോഗ്യ ചികിത്സ എന്നിവ ആവശ്യമുള്ളവരാണ് കാവൽ പദ്ധതിയിലെ കുട്ടികളേറെയും. പദ്ധതിയിൽ സൈക്കോ സോഷ്യൽ ബഡ്ജറ്റ് ശീർഷകത്തിൽ അതിനായി ചെറിയ തോതിൽ സാമ്പത്തികമായി സഹായിക്കാൻ തുക വകയിരുത്തിയിട്ടുമുണ്ട്. എന്നാൽ ഫണ്ട് ലഭ്യമാകാത്തതിനാൽ അത്തരം സഹായങ്ങൾ ഇപ്പോൾ നൽകാനാകുന്നില്ല. ചികിത്സ ലഭ്യമാകാത്തതിനാൽ കുട്ടികൾ വീണ്ടും കേസിൽപ്പെടുന്ന സാഹചര്യവുമുണ്ട്. കുട്ടികൾക്ക് തൊഴിൽ പരിശീലനങ്ങൾ നൽകാറുണ്ട്. എല്ലാവർക്കും അനുയോജ്യവും താത്പര്യവുമുള്ള കോഴ്സുകൾ സർക്കാർ തലത്തിൽ ഇല്ലാത്തതിനാൽ മറ്റു സ്വകാര്യ സംവിധാനങ്ങളിൽ അവരെ ചേർത്ത് പഠിപ്പിക്കാറുണ്ട്. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത ഇതിനിപ്പോൾ തടസമാണ്. പഠനം മുടങ്ങിയ കുട്ടികളെ തുല്യത കോഴ്സുകൾ പോലുള്ള ബദൽ സംവിധാനങ്ങളിൽ ചേർത്ത് പഠിപ്പിക്കുന്നതിനും പി.എസ്.സി കോച്ചിങ്, മറ്റു കോഴ്സുകൾ മുതലായവയിൽ ചേർക്കുന്നതിനും ഫണ്ടിന്റെ അഭാവം പ്രയാസം ഉണ്ടാക്കുന്നുണ്ട്. 16 വയസിന് മുകളിൽ പ്രായമുള്ള അതീവ ഗുരുതര കുറ്റങ്ങൾ ആരോപിക്കപ്പെട്ട കുട്ടികളുടെ മെന്റൽ ഹെൽത്ത് അസ്സസ്മെന്റ് നടത്താൻ മെഡിക്കൽ കോളേജിലടക്കം അവരുടെ മാതാപിതാക്കളോടൊപ്പം കാവൽ ജീവനക്കാരും പോകേണ്ടതുണ്ട്. പണമില്ലാത്തതിനാൽ പലപ്പോഴും ഇതിന് സാധിക്കുന്നില്ല. കുട്ടികൾക്ക് ആവശ്യമായ ഗ്രൂപ് സെഷനുകൾ, മാതാപിതാക്കൾക്കുള്ള പരിശീലനങ്ങൾ, ജീവിത നൈപുണ്യ പരിശീലനങ്ങൾ എന്നിവ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിൽ വളരെ പ്രധാനപ്പെട്ടതാണ്. കാവൽ ബഡ്ജറ്റിൽ ഇതിനായി തുക വകയിരുത്തിയിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ അത്തരം ഇടപെടലുകൾ നടത്താൻ സാധിക്കുന്നില്ല.
എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകളാണ് രണ്ട് പദ്ധതികളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന സന്നദ്ധ സംഘടനകളുടെ കെട്ടിട വാടക, വൈദ്യുതി, വെള്ളം, ഇന്റർനെറ്റ്, ഫോൺ ബില്ലുകൾ എന്നിവയും കുടിശ്ശികയാണ്. പദ്ധതിയിൽ സേവനമനുഷ്ഠിക്കുന്ന നൂറ്റമ്പതോളം പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ ശമ്പളവും മുടങ്ങിയിട്ട് മാസങ്ങളായി. ശമ്പളമില്ലാതാതോടെ പലരും ജോലി ഉപേക്ഷിച്ചു. കുട്ടികളുടെ കാര്യങ്ങൾ മുടങ്ങാതിരിക്കാൻ പുതിയ ജീവനക്കാരെ നിയമിക്കുന്നുണ്ടെങ്കിലും ശമ്പളമില്ലാത്തതിനാൽ രണ്ടു മാസം കഴിയുമ്പോൾ അവരും ജോലി ഉപേക്ഷിക്കുകയാണ്. തങ്ങളുടെ പ്രശ്നങ്ങൾ പ്രാരംഭം മുതൽ അറിയാവുന്നവർ ജോലി ഉപേക്ഷിക്കുന്നത് കുട്ടികളെയും സാരമായി ബാധിക്കുന്നുണ്ട്. പദ്ധതിയുടെ സാമൂഹിക പ്രാധാന്യം മനസിലാക്കി, ഇപ്പോഴും ജോലിയിൽ തുടരുന്നവരുമുണ്ട്. പദ്ധതികൾ സജീവമായ ആദ്യഘട്ടത്തിൽ വീടുകളിൽ നേരിട്ടെത്തി സാഹചര്യങ്ങൾ വിലയിരുത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തിരുന്നു. കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പഠന, പഠനേതര പ്രവർത്തനങ്ങളിൽ അവരെ സജീവമാക്കാനും ഈ ഇടപെടൽ ഏറെ സഹായിച്ചിരുന്നു. ക്രമേണ പദ്ധതിയോട് സർക്കാർ അകലം പാലിച്ചു തുടങ്ങി.
ആരുമില്ല കാവൽ
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് 2016 സെപ്തംബർ മുതൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കാവൽ. ഏതെങ്കിലും തരത്തിലുള്ള കേസുകളിൽ പ്രതികളായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കുന്ന കുട്ടികൾക്ക് ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുകളുണ്ടെന്ന് കണ്ടെത്തിയാൽ പദ്ധതിയുടെ ഭാഗമാക്കും. തുടർന്ന് സന്നദ്ധ സംഘടനകൾക്ക് കുട്ടിയെ കൈമാറും. കുട്ടികൾ രണ്ടാമതും കേസിൽപ്പെടുന്നത് കാവൽ പദ്ധതിക്ക് മുമ്പ് 15 ശതമാനമായിരുന്നു. പദ്ധതി വന്നതോടെ ഇത് നാല് ശതമാനമായി.
പദ്ധതിയുടെ സേവനങ്ങൾ നേടിയ ഒട്ടേറെ കുട്ടികൾ ഇന്ന് ഉപരിപഠനം നടത്തുകയും രാജ്യത്തിനകത്തും പുറത്തും മികച്ച വേതനത്തോടെ ജോലി ചെയ്തുവരുകയും ചെയ്യുന്നുണ്ട്.
പദ്ധതിയിൽ 2023- 24 വർഷ കാലയളവിൽ രണ്ട് ഘട്ടങ്ങളിലായി ആകെ ബഡ്ജറ്റിന്റെ 80 ശതമാനം തുക സർക്കാർ നൽകിയിരുന്നു. ചെലവിനത്തിൽ ബാക്കി വരുന്ന തുകയും 2024- 25 കാലയളവിലെ പ്രവർത്തന ഫണ്ടും ഇതുവരെ സന്നദ്ധ സംഘടനകൾക്ക് നൽകിയിട്ടില്ല.
2024- 25 വർഷം പകുതി കഴിഞ്ഞിട്ടും പ്രവർത്തന ഫണ്ട് ലഭിക്കാത്തത് മൂലം കാവൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ സ്തംഭിച്ചു നിൽക്കുകയാണ്.
കാവൽ പ്ലസ് മൈനസായി
കാവലിനൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന പദ്ധതിയാണ് കാവൽ പ്ലസ്. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ 2021 ജനുവരിയിലാണ് ആരംഭിച്ചത്. അനാഥരായവർ, തെരുവിൽ കഴിയുന്നവർ, ഭിക്ഷാടകർ, മാരകരോഗികൾ, ബാലവേലയിലും ബാല വിവാഹത്തിലുമകപ്പെട്ടവർ, ലൈംഗികാതിക്രമങ്ങൾക്ക് ഇരകളായവർ തുടങ്ങിയ കുട്ടികൾക്കുള്ള പുനരധിവാസമാണ് ലക്ഷ്യം. ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്കാണ് ചുമതല. പീഡനത്തിരയായ കുട്ടികൾക്കുള്ള സാമ്പത്തിക സഹായം നിർഭയ സെൽ വഴിയാണ് നൽകുന്നത്. ഇത് ഒന്നര വർഷമായി മുടങ്ങിയിട്ട്. മറ്റ് കുട്ടികൾക്കുള്ള സഹായം നൽകുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഐ.സി.പി.എസ്) ഫണ്ട് അനുവദിച്ചിട്ട് ഒമ്പത് മാസവുമായി.