
തൊടുപുഴ: ഇതാ ഒരു മാലിന്യമല, കുറച്ച് കാലം മുമ്പ് വരെ കോലാനി പാറക്കടവിലെ നഗരസഭയുടെ ഡമ്പിംഗ് യാർഡിലെത്തുന്ന ഒരാൾ കാണുന്നത് അതായിരിക്കും. മാലിന്യം നിറഞ്ഞൊരു കൂറ്റൻ മല. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. പാറക്കടവിലെ മാലിന്യമല പതിയെ ഇല്ലാതാവുകയാണ്. ബയോ മൈനിംഗിലൂടെ 40 ശതമാത്തോളം മാലിന്യം നീക്കിയെന്ന് അധികൃതർ പറയുന്നു. പാറക്കടവ് നിവാസികളുടെ നീണ്ടനാളത്തെ നീണ്ടനാളത്തെ ആഗ്രഹമാണ് യാഥാർത്ഥ്യമാകുന്നത്.
ബയോമൈനിംഗ് പദ്ധതിയുടെ ഭാഗമായി മാലിന്യം നീക്കം ചെയ്യൽ മേയ് മാസം മുതൽ ആരംഭിച്ചതാണ്. ഇപ്പോൾ ഏതാണ്ട് 40 ശതമാനത്തോളം പൂർത്തിയായെന്നാണ് അധികൃതർ പറയുന്നത്. നാല് പതിറ്റാണ്ടിന് മുകളിലായി നഗരസഭയിലെയും പരിസരപ്രദേശങ്ങളിലെയുമടക്കം മാലിന്യം നിക്ഷേപിച്ചിരുന്നത് ഇവിടെയായിരുന്നു. ജൈവ- അജൈവ മാലിന്യങ്ങളെല്ലാം കൂട്ടമായിട്ടാണ് നിക്ഷേപിച്ചിരുന്നത്. ഇതുമൂലം മഴ പെയ്യുമ്പോൾ മഴവെള്ളം മാലിന്യത്തിൽ കലർന്ന് സമീപത്തെ ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നുവെന്ന വ്യാപക പരാതിയും ഉയർന്നിരുന്നു. ഇതിന് പരിഹാരം കാണാനുള്ള നടപടിയുടെ ഭാഗമായാണ് ബയോമൈനിംഗ് നടപടി ആരംഭിച്ചത്. മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കംചെയ്യുന്നതിനായി ഇവ തരംതിരിക്കുന്ന ജോലികളായിരുന്നു ആദ്യഘട്ടം. കല്ല്, മണ്ണ്, പ്ലാസ്റ്റിക് എന്നിങ്ങനെ ഏഴ് രീതിയിൽ തരംതിരിച്ചാണ് മാലിന്യം നീക്കം ചെയ്യുന്നത്. മേയിൽ പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ മഴ വില്ലനായി മാറി. അത് പ്രവർത്തനങ്ങൾ രണ്ട് മാസത്തോളം നീളാനിടയാക്കി. പിന്നീട് സെപ്തംബറിൽ പുനരാരംഭിച്ച ജോലി ഇപ്പോൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. കരാർ കാലാവധി 2025 മാർച്ചിൽ അവസാനിക്കുമെന്നാണ് അധികൃതർ പറയുന്നത്.
2.8 കോടിയുടെ
പദ്ധതി
40 കൊല്ലമായി നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കി ഭൂമി വീണ്ടെടുക്കുന്നതിനായി സ്വച്ഛ് ഭാരത് മിഷന്‍ നഗരം- രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിത്വ മിഷന്റെ സഹായത്തോടെയാണ് ബയോമൈനിങ് പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള എം.സി.കെ കുട്ടി എൻജിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് കരാർ ഏജൻസി. 1.24 ഏക്കർ സ്ഥലത്തുള്ള 26683 ക്യുബിക്ക് മീറ്റർ മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 2.83 കോടി രൂപയാണ് പദ്ധതിക്കായി തുക വകയിരുത്തിയിരിക്കുന്നത്.
'മികച്ച രീതിയിൽ മാലിന്യനിർമ്മാർജന പ്രവർത്തികൾ മുന്നോട്ട് പോകുന്നുണ്ട്. ഇടയ്ക്ക് എത്തിയ മഴ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഏകദേശം 40 ശതമാനത്തോളം മാലിന്യം ഇതുവരെ നീക്കം ചെയ്തു. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പൂർണ്ണമായും നീക്കം ചെയ്യും'
-പ്രൊഫ. ജെസി ആന്റണി (നഗരസഭ വൈസ് ചെയർപേഴ്സൺ)