പീരുമേട്:സലാമിയ എസ്റ്റേറ്റിൽ കടന്നലിന്റെ ആക്രമണത്തിൽ ആറ് തൊഴിലാളികൾക്ക് പരിക്ക്.എസ്റ്റേറ്റ് തൊഴിലാളികളായ കലൈഅരസി (44) പ്രിയ ( 35 )ഓമന (45) ശോഭന ( 44 )മേരിക്കുട്ടി ( 60)സരോജ (65)എന്നിവർക്കാണ് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റത്.ഇന്നലെ ഉച്ചകഴിഞ്ഞ് ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം നടന്നത്. ഏല തോട്ടത്തിലെ ജോലിക്കിടെ മലന്തൂക്ക് ഇനത്തിൽപ്പെട്ട കടന്നൽ കൂട്ടം തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. ആക്രമണമേറ്റ രണ്ട് പേർ സംഭവ സ്ഥലത്തു വച്ച് തന്നെ ബോധരഹിതരാവുകയായിരുന്നു. കൂടെ ജോലി ചെയ്യുന്നവരെ കടന്നൽ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കുവാനെത്തിയവർക്കാണ് ഏറെ പരിക്കേറ്റത്. പരിക്കേറ്റവരെ മറ്റ് തൊഴിലാളികൾ ചേർന്ന് വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ശ്രുശ്രൂഷകൾ നൽകിയതിന് ശേഷം ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറേ നാളുകൾക്കിടയിൽ ഇത് മൂന്നാം തവണയാണ് തേയില, ഏലം തോട്ടം മേഖലകളിലെ തൊഴിലാളികൾക്ക് നേരെ കടന്നലിന്റെ ആക്രമണമുണ്ടാവുന്നത്.