 
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷ ഒരുക്കാൻ 150 കുതിര ശക്തിയിൽ ഇനി 'രക്ഷ'യും. അണക്കെട്ടിലെ 140 പൊലീസിനായി മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് അനുവദിച്ച പുതിയ സ്പീഡ് ബോട്ടാണ് 'രക്ഷ'. പെട്രോൾ ഓൺ ബോർഡ് എൻജിനുള്ള ബോട്ടിൽ 15 പേർക്ക് സഞ്ചരിക്കാം. ബോട്ട് 25 മിനിറ്റിനുള്ളിൽ തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെത്തും. ഇൻബോർഡ് എൻജിനുള്ള രണ്ട് ബോട്ടുകളിൽ ഒരെണ്ണത്തിൽ ഏഴും മറ്റൊന്നിൽ ഒമ്പതും അളുകളെ കയറ്റാം. ഡിവൈ.എസ്.പി- 1, സി.ഐ- 3, എസ്.ഐ- 8 ഉൾപ്പടെ ആകെ 140 പൊലീസുകാരാണ് അണക്കെട്ട് പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കുള്ളത്. പുതിയ ബോട്ട് എത്തുന്നതോടെ ഇവരുടെ യാത്രാ പ്രശ്നത്തിന് പരിഹാരമാവും. ഡ്യൂട്ടിയിലുള്ളവർക്ക് എന്തെങ്കിലും അസുഖമോ അടിയന്തര സാഹചര്യമോ ഉണ്ടായാൽ മുമ്പ് വനത്തിലൂടെ വള്ളക്കടവ് വഴി വണ്ടിപ്പെരിയാറ്റിലെത്തണമായിരുന്നു. അല്ലെങ്കിൽ മണിക്കൂറെടുത്ത് പഴയ ബോട്ടിൽ തേക്കടിയിലെത്തണം. ഇന്ന് രാവിലെ 10ന് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്യും. മുല്ലപ്പെരിയാർ ഡിവൈ.എസ്.പി രാജ് മോഹൻ ചടങ്ങിൽ പങ്കെടുക്കും. അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ അണക്കെട്ടിലാണ് ജോലി ചെയ്യുന്നതെങ്കിലും ഇവരുടെ സ്റ്റേഷൻ വണ്ടിപ്പെരിയാറിലാണ്. വണ്ടിപ്പെരിയാറിലെ സ്റ്റേഷനിൽ നിന്ന് ജീപ്പ് മാർഗ്ഗമാണ് ഇപ്പോൾ പൊലീസുകാർ അണക്കെട്ടിലേക്ക് പോവുകയും വരികയും ചെയ്യുന്നത്.
നല്ല സ്റ്റേഷനും ക്വാർട്ടേഴ്സുമില്ല
സഞ്ചരിക്കാൻ പുതിയ ബോട്ടൊക്കെ കിട്ടിയെങ്കിലും ഇപ്പോഴും പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടമില്ല. അണക്കെട്ടിന്റെയും പരിസരപ്രദേശങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് 2016ലാണ് മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷൻ തുടങ്ങിയത്. എട്ടുവർഷം പിന്നിട്ടിട്ടും താത്കാലിക കെട്ടിടം മാത്രമാണുള്ളത്. പൊലീസുകാർ താമസിക്കുന്നത് കാട്ടിനുള്ളിലെ ക്വാർട്ടേഴ്സുകളിലാണ്. വേണ്ടത്ര കക്കൂസുകൾ പോലുമില്ല. അതും താത്കാലിക കെട്ടിടം. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളാണ്. എല്ലാം പൊട്ടിപ്പൊളിഞ്ഞനിലയിൽ. ഒരു ക്വാർട്ടേഴ്സിൽ 10 പേർ കഴിയുന്നു.