നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. നെടുങ്കണ്ടത്ത് സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്കാരനായ മദ്ധ്യപ്രദേശ് സ്വദേശിയായ ദേവേന്ദ്രകുമാറിനെയാണ് (22) നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. 14 കാരിയായ പെൺകുട്ടിയെയും യുവാവിനെയും ഒരാഴ്ചയായി കാണാനില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ബുധനാഴ്ചയാണ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് എസ്.ഐ ടി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂപ്പാറയിൽ യുവാവിനെയും പെൺകുട്ടിയെയും പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് പോക്സോ കേസ് ചുമത്തി പൊലീസ് കേസെടുത്ത ശേഷം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.