തൊടുപുഴ: സെപ്തംബർ 30ന് കന്യാകുമാരി നിന്ന് നിരവധി യാത്രക്കാരുമായി പുറപ്പെട്ട കന്യാകുമാരി- കൊല്ലം മെമു ട്രെയിൻ കളിയ്ക്കാവിളയിലേക്ക് അടുക്കാൻ തുടങ്ങിയപ്പോൾ ലോക്കോ പൈലറ്റ് ജിപ്സൺ അകലെ നിന്ന് ട്രാക്കിലൂടെ ഒരു മദ്ധ്യവയസ്ക്കന് നടന്നുവരുന്നത് കാണുന്നു. ഉറപ്പായും ട്രെയിന് മുന്നിൽ ചാടാനുള്ള വരവാണ്. അടുത്ത ട്രാക്കിലും വണ്ടിയുണ്ട്. അവിടെ ഉണ്ടായിരുന്നവരെല്ലാം അലറി വിളിച്ചു. ഹോൺ മുഴങ്ങി, ആൾ മാറുന്നില്ല. ഒടുവിൽ രണ്ടും കൽപ്പിച്ച് ജിപ്സൺ ട്രെയിൻ നിറുത്തി. അയാളെ ചെറുതായി തട്ടി വണ്ടി നിന്നു. 'ഒന്നും പറ്റിയില്ല..." അത് പറയുമ്പോൾ മൂലമറ്റം അറയ്ക്കൽ വീട്ടിൽ ജിപ്സൺന്റെ (47)​ കണ്ഠത്തിൽ ഇടർച്ച,​ ഒപ്പം ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും. നെടുവാൻവിള സ്വദേശി സരോജനായിരുന്നു സമയോചിതമായി ട്രെയിൻ നിറുത്തിയത് കൊണ്ട് മാത്രം മരണമുഖത്ത് നിന്ന് രക്ഷപ്പെട്ടത്. 25 വർഷത്തിനിടയിലെ സർവീസിൽ ജിപ്സന് ഇത് പുതിയ അനുഭവമല്ല, ​ഓരോന്നും മനസ്സിന് ഏൽപ്പിക്കുന്ന പ്രഹരവും ചെറുതല്ല.​ പിന്നീടുള്ള യാത്രയിൽ അത് നിഴലിക്കും. മൂലമറ്റം പള്ളിക്കത്തോട് ഐ.ടി.ഐയിൽ നിന്ന് ഇല്ക്രടിക്കൽ വിഭാഗം പഠിച്ചിറങ്ങിയ ജിപ്സൺ വളരെ കഷ്ടപ്പെട്ടാണ് ഇഷ്ടപ്പെട്ട ജോലി കിട്ടിയത്. ജിപ്സൺ പിന്തുണയുമായി പിതാവ് ജോ‌ർജും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥയായ ഭാര്യ ക്രിസ്റ്റീനയും മക്കളായ നഥാനിയലും നൈസയുമുണ്ട്. ഏത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്തും കുടുംബത്തിൽ നിന്നു തന്നെ.

നിറുത്താതെ ഓട്ടം

റെയിൽവേയിൽ റിക്രൂട്ട്മെന്റ് നടന്നിട്ട് കാലങ്ങളായി. ഇരുപതിനായിരത്തോളം ഒഴിവുകൾ നികത്താനുണ്ട്. ആളില്ലാത്തതിനാൽ നിലവിലുള്ളവരുടെ ഓഫ് പോലും പരിഗണിക്കാതെ 24മണിക്കൂറും ഡ്യൂട്ടി ചെയ്യണം. പാസഞ്ചർ ട്രെയിന് നിത്യേന ഓട്ടമുണ്ട്. ഇതിനിടയിൽ വീട്ടുകാരോടൊപ്പം ചിലവഴിക്കാൻ ഒട്ടും അവസരം ഇല്ല. ഈസ്റ്ററിനാണ് കാലങ്ങൾ കൂടി ജിപ്സൺ നാട്ടിലേക്ക് പോയത്. തൊഴിലാളികൾ സമരം ചെയ്തതിനെ തുടർന്ന് 18,​000 നിയമനങ്ങൾ നടത്താനുള്ള ഉത്തരവ് വന്നിട്ടുണ്ട്. അതിന്റെ കാര്യങ്ങൾ നടന്നുവരികയാണ്. ഇപ്പോൾ അതിന്റെ ആശ്വാസത്തിലാണ് ജിപ്സണടക്കമുള്ള ജീവനക്കാർ.