തൊടുപുഴ: ഭൂപ്രശ്നങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലും സംസ്ഥാന സർക്കാർ ജില്ലയോട് കാണിക്കുന്ന അവഗണനയിലും നിഷേധാത്മക നിലപാടിലും പ്രതിഷേധിച്ച് കേരള കോൺഗ്രസ് 26ന് ചെറുതോണിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ടു വർഷത്തെ ഭരണം ജില്ലയെ തകർച്ചയിലേക്ക് നയിക്കുകയായിരുന്നു. നിയമസഭ പാസാക്കിയ ഭൂമി പതിവ് ഭേദഗതി നിയമം കർഷക വിരുദ്ധവും നിർമ്മാണ നിരോധനം ഏർപ്പെടുത്തുന്ന‌താണ്. നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങൾ രൂപീകരിക്കാത്തത് അപാകതകൾ നിറഞ്ഞ നിയമം നടപ്പിലാക്കിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സർക്കാർ നന്നായി മനസ്സിലാക്കിയതുകൊണ്ടാണ്. നിയമം നടപ്പിലാക്കിയാൽ ജില്ലയിലെ കൈവശ കർഷകരുടെ ഭൂമിയുടെ കമ്പോള വില കുത്തനെ താഴും. ഒരുവിധ നിർമ്മാണവും അനുവദിക്കാത്ത സ്ഥിതി സംജാതമാകും. റവന്യൂ, വനം വകുപ്പുകൾ തമ്മിൽ തർക്കം ഉന്നയിച്ച് കാർഡമം ഹിൽ

റിസർവിൽ ഉൾപ്പെട്ട ഭൂമിയിൽ പട്ടയം നൽകുന്ന നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്. ഇരുപതിനായിരത്തിൽ പരം ഹെക്ടർ ഭൂമിക്ക് പട്ടയം നൽകാൻ കേന്ദ്രാനുമതി നൽകിയിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വന്യമൃഗ ശല്യവും മേഖലയിൽ അതിരൂക്ഷമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വ്യക്തമായ ശ്രമങ്ങൾ ഒന്നും നടക്കുന്നില്ല. മുഖ്യമന്ത്രി ജില്ലക്കായി പ്രഖ്യാപിച്ച 12,​000 കോടിയുടെ പാക്കേജ് ജലരേഖയായി നിൽക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാർ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ഇടുക്കി മെഡിക്കൽ കോളേജ് ഇല്ലായ്മകളുടെയും അവഗണനയുടെയും പര്യായമായി നിൽക്കുന്നു. കർഷക കടാശ്വാസ കമ്മീഷൻ അവാർഡ് ചെയ്ത 700 കോടി രൂപ നൽകാതെ സഹകരണ മേഖലയെയും കർഷകരെയും പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിൽ വായ്പയുടെ പലിശയെങ്കിലും എഴുതി തള്ളാൻ സർക്കാർ തയ്യാറാവണം. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് താത്പര്യമില്ല. പാർട്ടി ചെയർമാൻ പി ജെ ജോസഫ് ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ സംഗമത്തിൽ പങ്കെടുക്കും. വാ‌ർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ,

ഹൈപവർ കമ്മിറ്റി അംഗങ്ങളായ അഡ്വ. ജോസഫ് ജോൺ, ജോസി ജേക്കബ്, ജില്ലാ കമ്മിറ്റി അംഗം എൻ.കെ. ചന്ദ്രൻ എന്നിവ‌ർ പങ്കെടുത്തു.