തൊടുപുഴ: ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയെന്നാരോപിച്ചും നഗരത്തിൽ അനധികൃത വഴിയോരക്കച്ചവടങ്ങൾ വ്യാപകമാകുന്നതിനെതിരെയും നഗരസഭ കൗൺസിൽ യോഗത്തിൽ വാക്കേറ്റവും പ്രതിഷേധവും. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നഗരസഭ ജീവനക്കാർ പ്രതിമ വൃത്തിയാക്കുകയോ ഭരണസമിതിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുകയോ ചെയ്യാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. യു.ഡി.എഫ് അംഗങ്ങളായ കെ. ദീപക്, ജോസഫ് ജോൺ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കുറ്റം ഏറ്റെടുത്ത് നഗരസഭ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും മാപ്പു പറയണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നീ ദിവസങ്ങളിലാണ് ഗാന്ധി പ്രതിമ വൃത്തിയാക്കി പുഷ്പാർച്ചന നടത്തുന്നതെന്നും നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് ഇത് ചെയ്യേണ്ടതെന്നും വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി മറുപടി പറഞ്ഞത് യു.ഡി.എഫ് അംഗങ്ങളെ പ്രകോപിതരാക്കി. തുടർന്ന് വൈസ് ചെയർപേഴ്സണും അംഗങ്ങളും തമ്മിൽ വലിയ വാഗ്വാദം നടന്നു. ഒടുവിൽ നഗരസഭയ്ക്ക് തെറ്റു സംഭവിച്ചതായും ഇനി ഉണ്ടാവില്ലെന്നും ചെയർപേഴ്സൺ സബീന ബിഞ്ചു അറിയിച്ചതോടെയാണ് ഇതേച്ചൊല്ലിയുള്ള ബഹളം ശമിച്ചത്. യാതൊരു നിയന്ത്രണവുമില്ലാതെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം അനധികൃത വഴിയോരക്കച്ചവടം വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്നീട് യു.ഡി.എഫ് കൗൺസിലർമാരും ബി.ജെ.പി കൗൺസിലർമാരും പ്രതിഷേധിച്ചത്. കാഞ്ഞിരമറ്റം ജംഗ്ഷനിൽ നടത്തുന്ന തട്ടുകടയെ സംബന്ധിച്ച് ബി.ജെ.പി അംഗം പി.ജി. രാജശേഖരനാണ് ആദ്യം വിഷയം അവതരിപ്പിച്ചത്. ഇവിടെ തട്ടുകട നടത്താൻ അനുമതിയുള്ള വ്യക്തി മറ്റൊരാൾക്ക് മറിച്ച് നൽകിയെന്നും ഇവർ അനധികൃത വ്യാപാരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇതിനു നടപടിയെടുക്കാതെ നഗരസഭ ആരോഗ്യ വിഭാഗം സമീപത്തെ കടകളിൽ പരിശോധന നടത്തിയ ഇവരെ ദ്രോഹിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കൗൺസിൽ ഹാളിലെ നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. ഇതിനു പുറമെ മുൻ ചെയർമാൻ സനീഷ് ജോർജും യു.ഡി.എഫ് കൗൺസിലർമാരും വിഷയം ചൂണ്ടിക്കാട്ടി രംഗത്തെത്തിയതോടെ കൗൺസിലിൽ ബഹളമായി. നഗരത്തിൽ വ്യാപകമായി സ്ഥലം കൈയേറി വഴിയോരക്കടകൾ വ്യാപകമാകുകയാണെന്ന് കൗൺസിലർ ജോസഫ് ജോൺ പറഞ്ഞു. യാതൊരു നിയന്ത്രണവും ഇതിലില്ല. നടപടിയെടുക്കേണ്ട അധികൃതർ മൗനം പാലിക്കുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. 200 പേരാണ് നഗരത്തിൽ വഴിയോരക്കച്ചവടം നടത്തുന്നതെന്ന് സനീഷ് ജോർജ് പറഞ്ഞു.
ഇവരുടെ കാര്യത്തിൽ കൗൺസിൽ അംഗീകാരം നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇപ്പോൾ അന്നത്തേതിനേക്കാൾ കൂടുതൽ പേർ വീണ്ടും വിവിധ ഭാഗങ്ങളിൽ കച്ചവടം തുടങ്ങി. അധധികൃത കടകൾ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. കച്ചവട നിരോധിത മേഖലയിൽ പോലും വഴിയോരക്കച്ചവടക്കാർ കൂടുന്നതായി ബി.ജെ.പി കൗൺസിലർമാരായ ശ്രീലക്ഷ്മി സുദീപും ജയലക്ഷ്മി ഗോപനും പറഞ്ഞു. പലപ്പോഴും കച്ചവടക്കാർ തമ്മിൽ വഴക്കും കൈയാങ്കളിയുമാണ്. ഇത്തരം സ്ഥലങ്ങളിലെ കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണം. പലയിടത്തും കടകൾ കൈയേറി മറിച്ചുകൊടുക്കുന്നുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും കൗൺസിലർ നടുത്തളത്തിൽ പ്രതിഷേധിക്കുന്നത് ഖേദകരമാണെന്നും എൽ.ഡി.എഫ് കൗൺസിലർ മുഹമ്മദ് അഫ്സലും ചൂണ്ടിക്കാട്ടി.

അനധികൃത കച്ചവടം ഒഴിപ്പിക്കും: ചെയർപേഴ്സൺ

'കച്ചവടം നിരോധിത മേഖലയിലെ എല്ലാ അനധികൃത കൈയേറ്റങ്ങൾക്കെതിരെയും നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ നോൺ വെൻഡിംഗ് സോണിലിരിക്കുന്ന വഴിയോരക്കച്ചവടക്കാരെ ഒഴിവാക്കുന്നതിനും നഗരസഭ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കച്ചവടക്കാരെ നീക്കാനും നിർദേശം നൽകി."

-ചെയർപേഴ്സൺ സബീന ബിഞ്ചു