 
കുമളി : മുല്ലപ്പെരിയാർ അണക്കെട്ട് പൊലീസ് സ്റ്റേഷനിലേക്ക് അനുവദിച്ച പുതിയ സ്പീഡ് ബോട്ടിന്റെ കണിയാത്രയ്ക്ക് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് കൊടി വീശുമ്പോൾ ഏതാനും വാര അകലെ എല്ലാം കണ്ട് തേക്കടിയുടെ റാണി കാട്ടാനയും. പൊലീസ് മേധാവിയെ കണ്ട് പൊലീസ് സല്യൂട്ടടിക്കുമ്പോൾ പിടിയാനയും തുമ്പിക്കൈ ഉയർത്തി അറ്റൻഷനിലായി. തേക്കടി ബോട്ട്ലാൻഡിംഗിൽ ബോട്ടുകൾ പുറപ്പെടുന്നതിനു തൊട്ടടുത്തായാണ് അപൂർവമായ ആന- പൊലീസ് ഒത്തു ചേരൽ അരങ്ങേറിയത്. രാവിലെ പത്തോടെ ചടങ്ങ് കഴിഞ്ഞ് പൊലീസ് പിൻമാറും വരെ കാട്ടാന അവിടെ തന്നെ ശാന്തമായി നിന്നു. പിന്നീട് കാട്ടിലേക്ക് കയറി. രക്ഷയുടെ കന്നിയാത്ര മുല്ലപ്പെരിയാർ അണക്കെട്ടിനെ ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തു.