പീരുമേട് : തമിഴ് നാട്ടിൽ നിന്ന് സ്‌കൂൾ കുട്ടികളുമായി വിനോദ യാത്രയ്ക്കെത്തിയ ടൂറിസ്റ്റ് ബസിൽ ബൈക്ക് ഇടിച്ച് അപകടം. മധുരയിൽ നിന്ന് സ്‌കൂൾ കുട്ടികളുമായി വാഗമണ്ണിൽ വിനോദയാത്രയ്ക്കെത്തിയ ബസിലാണ് ബൈക്ക് ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ കാല് ഒടിഞ്ഞു. ഇയാളെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സ്‌കൂൾ കുട്ടികളുമായി വാഗമൺ സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോകുമ്പോൾ ഏലപ്പാറ ടൈഫോർഡ് എസ്റ്റേറ്റിന്റെ തവാരണ ഭാഗത്ത് വച്ച് ബൈക്ക് ബസ്സിൽ ഇടിക്കുകയായിരുന്നു. പീരുമേട് പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.