 
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ എക്സിക്യൂട്ടീവ് എൻജിനിയറെ സ്ഥലം മാറ്റി ഓഫീസ് കാര്യാലയം അടച്ചുപൂട്ടിയതിനെതിരെ പ്രതിപക്ഷം പ്രക്ഷോഭത്തിലേയ്ക്ക്. എൻജിനിയറെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനം ഇതുവരെയും ഉണ്ടായിട്ടില്ല. ഇതോടെ പദ്ധതി നിർവ്വഹണം ഉൾപ്പെടെയുള്ള വികസന പ്രൊജക്ടുകൾ നിലച്ചെന്നാണ് പ്രതിപക്ഷ ആരോപണം. എൻജിനിയർക്ക് പിന്നാലെ ആകെ അവശേഷിച്ചിരുന്ന രണ്ട് ഓവർസീയർമാരെക്കൂടി സ്ഥലം മാറ്റിയതോടെ ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. കാര്യാലയത്തിന്റെ പ്രവർത്തനം നിലച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഭരണമുന്നണിയിലെ ഘടക കക്ഷി രാഷ്ട്രീയ പാർട്ടി ചെറുതോണിയിൽ നിർമ്മിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസ് മന്ദിരത്തിന് അനുമതി നിഷേധിച്ചതാണ് എ.ഇയെ സ്ഥലം മാറ്റാൻ കാരണമെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. എ.ഇ. ഓഫീസ് പ്രവർത്തിക്കാതായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ അപ്പാടെ നിലച്ചു. ക്ഷേമ പദ്ധതികളുടെ ഭാഗമായുള്ളതും സ്വകാര്യ മേഖലകളിലുള്ളതുമായ കെട്ടിടങ്ങളുടെ നമ്പർ നൽകുന്നതും ഫിറ്റ്നസ് പരിശോധിക്കുന്നതിനുമുള്ള ഒട്ടേറെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
റോഡുകളുടെ നിർമാണ നടപടികളും നിലച്ചു. പഞ്ചായത്തിലെ നിരവധിയിടങ്ങളിൽ ഗ്രാമീണ റോഡുകൾ തകർന്നു കിടക്കുന്നു. എല്ലാ വർഷവും പഞ്ചായത്തിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയെങ്കിൽ മാത്രമേ അനാഥാലയങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകൂ. എന്നാൽ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി ആഴ്ചകൾ കഴിഞ്ഞിട്ടും ഇത്തരം സ്ഥാപനങ്ങൾ പ്രതിസന്ധി നേരിടുകയാണ്. ഇവിടത്തെ അന്തേവാസികൾക്ക് റേഷൻ ഉൾപ്പെടെയുള്ളവ ലഭിക്കാതായതോടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യവുമുണ്ട്.
2023 24 സാമ്പത്തിക വർഷത്തിൽ റോഡ് വികസനത്തിന് വേണ്ടി മാത്രം പ്ലാൻ ഫണ്ടിൽ നിന്ന് നീക്കി വച്ചിരുന്നത് 1,62,42,000 രൂപയായിരുന്നു. ഇതിൽ കഴിഞ്ഞ മാർച്ച് 31 വരെ ചെലവഴിക്കാനായത് 14,36,137 രൂപ മാത്രമാണ്. അതായത് 11.3 ശതമാനം മാത്രം. അവശേഷിക്കുന്ന തുക സ്പിൽ ഓവറായി നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ട്.
പഞ്ചായത്തിൽ അടിയന്തിരമായി എക്സിക്യൂട്ടീവ് എൻജിനീയറെയും ഓവർസീയറെയും നിയമിച്ച് വികസന നടപടികൾ കാര്യക്ഷമമാക്കിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിക്ഷ മെമ്പർമാരായ വിൻസന്റ് വള്ളാടി, ടിന്റു സുബാഷ്, സെലിൻ വിൽസൺ, കുട്ടായി കറുപ്പൻ, പി.വി. അജേഷ്‌കുമാർ, ഏലിയാമ്മ ജോയി, ആലീസ് ജോസ് എന്നിവർ അറിയിച്ചു.