
ഇടുക്കി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ജനകീയ പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ലാ സിവിൽ സ്റ്റേഷനിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ഹരിത ഓഫീസുകളാക്കി മാറ്റുന്നു. ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹരിതകേരളം മുൻകൈയെടുത്ത് ഓഫീസുകളിലെ പാഴ് വസ്തുക്കളെല്ലാം സമഗ്രമായി പരിപാലിക്കുന്നത് ഉറപ്പാക്കുന്നത്. സിവിൽ സ്റ്റേഷനിൽ 26 ഓഫീസുകളാണുള്ളത്. ഇവയെ ഹരിതമാക്കുന്നതിന് മുന്നോടിയായി വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ എ.ഡി.എം ഷൈജു പി. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ലാ ഓഫീസർമാരുടെ യോഗം തീരുമാനിച്ചു. ഹരിത ഓഫീസാക്കുന്നതിനുള്ള മാനദണ്ഡങ്ങളും പ്രവർത്തനങ്ങളും ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ യോഗത്തിൽ വിശദീകരിച്ചു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ആർ. ഭാഗ്യരാജും പങ്കെടുത്തു. എല്ലാ ഓഫീസുകളിലും ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിന് നോഡൽ ഓഫീസറെ നിയോഗിക്കുന്നതിന് എ.ഡി.എം. ജില്ലാ ഓഫീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. ഇവരുടെ യോഗം എട്ടിന് നടത്തും.
പൂന്തോട്ടം നിർമ്മിക്കും
എല്ലാ ഓഫീസുകളിൽ നിന്നും പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും ഹരിതകർമ്മസേനയ്ക്ക് യൂസർഫീ നൽകി കൈമാറും. ഓഫീസ് പരിസരത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ പൂന്തോട്ടം, ശലഭോദ്യാനം എന്നിവ നിർമ്മിക്കും. താത്കാലികമായി എല്ലാ ഓഫീസുകളിലും ബയോബിൻ വയ്ക്കും. വൈകാതെ ജില്ലാ കളക്ടറുടെ അനുമതിയോടെ സിവിൽ സ്റ്റേഷൻ വളപ്പിൽ ജൈവമാലിന്യ സംസ്‌കരണത്തിന് പൊതുസംവിധാനമുണ്ടാക്കും