കട്ടപ്പന: നാടക രചയിതാവ് കെ.സി. ജോർജിന്റെ സ്മരണയ്ക്കായി, അദ്ദേഹം രചിച്ച നാടകം കട്ടപ്പനയിൽ അവതരിപ്പിക്കും. നാളെ വൈകിട്ട് 6.30 ന് സി.എസ്.ഐ ഗാർഡനിലാണ് ഓച്ചിറ സരിഗയുടെ 'സത്യമംഗലം ജംഗ്ഷൻ" എന്ന നാടകം അവതരിപ്പിക്കുന്നത്. കെ.സി. ജോർജ് അവസാനമായി രചിച്ച നാടകമാണിത്. രണ്ടു തവണ മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ കെ.സി. ജോർജ് സെപ്തംബർ 23 നാണ് കലാ ലോകത്തോട് വിട പറഞ്ഞത്. 23നാണ് ഇത്തവണത്തെ സംഗീത നാടക അക്കാദമിയുടെ അവാർഡ് വിതരണം നടക്കുന്നത്. അവാർഡ് ഏറ്റുവാങ്ങാൻ കാത്തുനിൽക്കാതെയാണ് കെ.സി യാത്രയായത്. നിരവധി സീരിയലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. കട്ടപ്പനയുടെ സാംസ്കാരിക രംഗത്ത് കെ.സി. ജോർജിന്റെ ഇടപെടലുകൾ ഏറെ സജീവമായിരുന്നു. കെ.സിയോടുള്ള ആദരവായാണ് കട്ടപ്പനയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ നാടകം അവതരിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.