തൊടുപുഴ: അൽ-അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നവീകരിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനവും ന്യൂറോ സർജറി വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനവും വ്യാഴാഴ്ച രാവിലെ 10ന് നടക്കും. അൽ-അസ്ഹർ ഗ്രൂപ്പ് ചെയർമാൻ ഹാജി കെ.എം. മൂസയുടെ സാന്നിദ്ധ്യത്തിൽ ഇടുക്കി ഡി.എം.ഒ. ഡോ. മനോജ് കുമാർ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനത്തെ വിവിധ ഗവ.മെഡിക്കൽ കോളേജുകളിൽ ന്യൂറോ സർജറി വിഭാഗം മേധാവിയായും ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ.പി.കെ. ബാലകൃഷ്ണന്റെ നേതൃത്വം നൽകുന്ന വിഭാഗത്തിൽ പ്രശസ്തരായ ന്യൂറോ സർജൻമാരും ഉണ്ട്. വിവിധ ശസ്ത്രക്രിയകൾ,അപകടത്തിൽ പരിക്കേറ്റവർക്കുള്ള ചികിത്സ, ബ്രെയിൻ ട്യൂമർ, തലച്ചോറിലെ വെള്ളക്കെട്ട്, കുമിള പൊട്ടിയുണ്ടാകുന്ന രക്തസ്രാവം തുടങ്ങിയ ചികിത്സയും നൽകുന്നു.കൂടാതെ നട്ടെല്ലിന് സംഭവിക്കുന്ന ഒടിവ്,ഡിസ്ക് പ്രശ്നങ്ങൾ,ട്യൂമർ, കുട്ടികളിൽ ജന്മനാ സംഭവിക്കുന്ന നട്ടെല്ലിലെ മുഴ എന്നിവയ്ക്കുള്ള ചികിത്സയും ലഭിക്കും. യൂറോളജി, നെഫ്രോളജി, ഗ്യാസ്ട്രോഎൻട്രോളജി, റൂമാറ്റോളജി, കാർഡിയോളജി, ഗൈനക്കോളജി, ഓങ്കോളജി എന്നീ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ അൽ-അസ്ഹർ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. റിജാസ് കെ.എം,മെഡിക്കൽ സൂപ്രണ്ട് ഡോ.ഷിയാസ് കെ.പി, ന്യൂറോ വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ,സി.ഒ.ഒ. സുധീർ ഭാസുരി എന്നിവർ പങ്കെടുത്തു.