തൊടുപുഴ:കിണറ്റിൽ വീണ ആടിനും രക്ഷിക്കാനിറങ്ങിയ ഉടമക്കും രഷകരായി തൊടുപുഴ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ. ഇന്നലെ ഉച്ചക്ക് മൂന്നോടെയാണ് സംഭവം. മുട്ടം മാത്തപ്പാറയ്‍ക്ക് സമീപം പമ്പ്ഹൗസിന് എതിർവശം കുഴിക്കണ്ടത്തിൽ തമ്പിക്കണ്ണൻ എന്നയാളുടെ ആടാണ് വീട്ടുമുറ്റത്തെ കിണറിൽ വീണത്. വീട്ടുമുറ്റത്ത് മേഞ്ഞുനടക്കുന്നതിനിടയിൽ തമ്പിക്കണ്ണൻ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് വന്നു. വാഹനത്തിന്റെ ശബ്ദംകേട്ട് ഭയന്ന് കുതറിമാറാൻ ശ്രമിക്കുമ്പോൾ കിണറ്റിലേക്ക് വീഴുകയായിരുന്നു. ആട് വീഴുന്നത് കണ്ട് രക്ഷിക്കാനായിറങ്ങിയ തമ്പിക്കണ്ണനും കിണറ്റിൽ അകപ്പെടുകയായിരുന്നു. തിരിച്ചുകയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ നാട്ടുകാരെത്തി ഏണിവച്ചുകൊടുത്തെങ്കിലും കയറിവരാനായില്ല. പരിശ്രമത്തിനൊടുവിൽ ഇദ്ദേഹം അവശനായി. ഇതോടെയാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഏറെ നേരത്തേ ശ്രമത്തിനൊടുവിൽ സേന റെസ്‍ക്യൂനെറ്റും റോപ്പും ഉപയോഗിച്ചാണ് ആടിനെയും അവശനിലയിലായ തമ്പിക്കണ്ണനെയും പുറത്തെത്തിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്‍ക്യൂ ഓഫീസർ വിനോദ്കുമാർ, ഓഫീസർമാരായ അജയൻ, ഷിബിൻ ഗോപി, ജെയിംസ്, ഡ്രൈവർ ലിബിൻ, ഹോംഗാർഡ് മുസ്തഫ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.