പീരുമേട് : വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് . ചില്ല് പാലത്തിന്റെ സുരക്ഷ ,സ്റ്റെബിലിറ്റി എന്നിവയെക്കറിച്ചു കോഴിക്കോട് എൻ. ഐ. ടിയിലെ സിവിൽ എൻജിനിയറിങ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കി പ്രവർത്തനം പുനരാരംഭിക്കാനാണ് സർക്കാർ നിർദേശം. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലമെന്ന ഖ്യാതിയയോടെ വാഗമൺ അഡ്വഞ്ചർ പാർക്കിൽ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തിച്ചത് ഒമ്പത് മാസം മാത്രമാത്രമാണ്. നാല് മാസമായി അടഞ്ഞുകിടക്കുകയാണ്.
ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമ്മിച്ച പാലത്തിന് മൂന്ന് കോടി രൂപയാണ് നിർമ്മാണച്ചെലവ്. .ഇടുക്കി ഡി.ടി.പി.സിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയത്.വരവിൽ 60ശതമാനംകമ്പമ്പനിക്കും40ശതമാനംഡി.ടി.പി.സിയും പങ്കിടുക വഴി ടൂറിസംവകുപ്പിന് കോടികളുടെ വരുമാനം ഉണ്ടാക്കാൻ ഉതകുന്ന പദ്ധതിയാണിത്.
സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ടൂറിസം ഡയറക്ടറുടെ ഉത്തരവിനെ തുടർന്നാണ് മേയ് 30ന് അടച്ചത്. മഴയത്ത് പാലത്തിൽ വഴുക്കലും മഞ്ഞുമൂടി കാഴ്ച മറയാനും സാദ്ധ്യതയുണ്ട്. സഞ്ചാരികൾക്ക് ഇടിമിന്നലേൽക്കാനും സാദ്ധ്യതയുണ്ടെന്നായിരുന്നു വിശദീകരണം. എന്നാൽ, കാലവർഷം കഴിഞ്ഞ് ഓണംവന്നിട്ടും പാലം തുറന്നില്ല. സഞ്ചാരികൾ പുറത്ത് നിന്ന് ചിത്രങ്ങളെടുത്ത് മടങ്ങുകയായിരുന്നു.