anil
സഞ്ചരിക്കുന്ന റേഷൻകടയുടെ ഫ്ളാഗ് ഓഫ് ഉടുമ്പഞ്ചോല പന്നിയാർ എസ്റ്റേറ്റിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കുന്നു.

രണ്ട് സഞ്ചരിക്കുന്ന റേഷൻകടകൾ ഉദ്ഘാടനം ചെയ്തു

നടപ്പാക്കിയത് തോട്ടം ,ആദിവാസി മേഖലകളിൽ

3016 ഗുണഭോക്താക്കൾക്ക് ഗുണം ചെയ്യും

ജില്ലയിലെ തോട്ടം ,ആദിവാസി മേഖലകളിലെ റേഷൻ കടകളിലൂടെ ആവശ്യം അനുസരിച്ച് വെള്ള അരി വിതരണം ചെയ്യുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. വിദൂരസ്ഥലങ്ങളിലെ ആദിവാസികൾ, തോട്ടം തൊഴിലാളികൾ എന്നിവർക്കായി തയ്യാറാക്കിയ സഞ്ചരിക്കുന്ന റേഷൻകടയുടെ ഉദ്ഘാടനം ഉടുമ്പഞ്ചോല പന്നിയാർ എസ്റ്റേറ്റിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ നൂറ്റിമുപ്പത്തിയെട്ടാമത്തെ സഞ്ചരിക്കുന്ന റേഷൻകടയുടെ ഉദ്ഘാടനം ദേവികുളത്തെ നയമക്കാട്ട് മന്ത്രി നിർവഹിച്ചു. 3016 ഗുണഭോക്താക്കൾക്കാണ് പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട രണ്ട് റേഷൻകടകളുടെ പ്രയോജനം ലഭിക്കുക.

അന്യസംസ്ഥാന തൊഴിലാളികൾക്കും റേഷൻ വാങ്ങുന്നതിന് സംസ്ഥാനത്ത് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അവർക്കും ആവശ്യാനുസരണം വെള്ള അരി വിതരണം ചെയ്യും

. റേഷൻ കാർഡ് ഉടമകൾ അവർക്ക് അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങൾ കൃത്യമായി വാങ്ങാൻ ശ്രദ്ധിക്കണം. എല്ലാ വിഭാഗം ജനങ്ങൾക്കും റേഷൻ നൽകുന്ന ഏകസംസ്ഥാനമാണ് കേരളം. മികച്ച ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അർഹരായവർക്ക് റേഷൻ ഉറപ്പാക്കുന്നതിന് എ എ വൈ , മുൻഗണന കാർഡ് ഉടമകൾ മസ്റ്ററിങ് ചെയ്യണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഉടുമ്പൻചോല താലൂക്കിൽ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട് ,ദേവികുളം താലൂക്കിൽ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്കുമാണ്പുതുതായി സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിച്ചിട്ടുള്ളത്. ഉടുമ്പൻചോല താലൂക്കിലെ എഫ്.പി.എസ്17,26 എന്നീ റേഷൻ കടകളിൽ 127 എ.എ.വൈ. കാർഡുകളിലായി ( (മഞ്ഞ കാർഡ്) ഉൾപ്പെട്ട 462 ഗുണഭോക്താക്കളും 515 മുൻഗണനാവിഭാഗം കാർഡുകളിലായി (പിങ്ക് കാർഡ്) 1725 ഗുണഭോക്താക്കളും ഉൾപ്പെടുന്നു.
ദേവികുളം താലൂക്കിലെ എഫ്.പി.എസ്44,45,46 എന്നീ കടകളിൽ 41 എ.എ.വൈ. കാർഡുകളിലായി (മഞ്ഞ കാർഡ്) 136 ഗുണഭോക്താക്കളും 693 മുൻഗണനാവിഭാഗം കാർഡുകളിലായി (പിങ്ക് കാർഡ്) 2386 ഗുണഭോക്താക്കളും ഉൾപ്പെടുന്നു.

എ.എ.വൈ കാർഡൊന്നിന് 30 കിലോ അരിയും 5 കിലോ ഗോതമ്പ് അല്ലെങ്കിൽ ആട്ടയാണ് ലഭിക്കുക.
മുൻഗണനാവിഭാഗം കാർഡിൽ ഒരംഗത്തിന് 4 കിലോ അരിയും 1 കിലോ ഗോതമ്പ് അല്ലെങ്കിൽ ആട്ട ലഭിക്കും.

ഉടുമ്പഞ്ചോല പന്നിയാർ എസ്റ്റേറ്റിൽ നടന്ന പരിപാടിയിൽ എം .എം മണി എം.എൽ.എയും ദേവികുളം നയമക്കാട്ട് നടന്ന പരിപാടിയിൽ അഡ്വ.എ.രാജ എം.എൽ.എയും അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലെ ഓഫീസർ ബൈജു കെ ബാലൻ , ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

=സസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാൻ സർക്കാർ അനുവദിക്കുകയില്ല. എല്ലാവർക്കും ന്യായവിലയിൽ സാധനസാമഗ്രികൾ എത്തിച്ച് വിശപ്പുരഹിത സംസ്ഥാനമായി കേരളത്തെ നിലനിർത്തുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം.