തൊടുപുഴ: വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല പ്രാർത്ഥനാ മണ്ഡപ സമർപ്പണസമ്മേളനം ആയിരക്കണക്കിന് ശ്രീനാരായണീയരുടെ പങ്കാളിത്തംകൊണ്ട് വൻ ആഘോഷമായി മാറി. അവധി ദിവസമായിരുന്നിട്ടും രാവിലെ ഒമ്പത് മണി മുതൽ ക്ഷേത്രത്തിലേക്ക് തൊടുപുഴ യൂണിയന് കീഴിലെ 46 ശാഖകളിൽ നിന്നുള്ള ഭക്തജനങ്ങളുടെ ഒഴുക്കായിരുന്നു. ഒമ്പതരയോടെ ഒരേ തരത്തിലുള്ള വേഷമണിഞ്ഞ കുമാരീസംഘം,​ വനിതാസംഘം പ്രവർത്തകരാൽ ക്ഷേത്രമൈതാനവും വേദിയും നിറഞ്ഞു. സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി കുമാരമംഗലം ശാഖയിലെ വനിതകൾ അവതരിപ്പിച്ച തിരുവാതിര വേദിയിൽ അരങ്ങേറി. തുടർന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മഥൻ ആമുഖ പ്രഭാഷണം ആരംഭിച്ചു. ഇതിന് 11ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്രത്തിലെത്തി. ക്ഷേത്ര ദർശനത്തിന് ശേഷം, ചെണ്ട മേളത്തിന്റെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ കുമാരീസംഘം,​ വനിതാസംഘം പ്രവർത്തകർ ഇരുവശങ്ങളിലും വരിയായി നിന്ന് പുഷ്പവൃഷ്ടിയോടെയാണ് ജനറൽ സെക്രട്ടറിയെ വേദിയിലേക്ക് ആനയിച്ചത്. എസ്.എൻ.ഡി.പി യോഗത്തെ ധീരമായി നയിക്കുന്ന വെള്ളാപ്പള്ളി നടേശന് ജയ് വിളിച്ചാണ് യൂത്ത് മൂവ്മെന്റ് പ്രവർത്തകർ വരവേറ്റത്.

തുടർന്ന് തൊടുപുഴ തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമർപ്പണസമ്മേളനം ഉദ്ഘാടനം ചെയ്തു.

സമുദായം സാമ്പത്തികമായി മെച്ചപ്പെട്ടെങ്കിൽ മാത്രമേ സാമൂഹികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരൂവെന്ന് അദ്ദേഹം പറ‌ഞ്ഞു. പാവങ്ങളോടൊപ്പം പടപൊരുതിയാണ് താൻ ഇത്രയുംകാലം സമുദായപ്രവർത്തനം നടത്തിയത്. അവരോടൊപ്പം പ്രവർത്തിച്ചാണ് ഇന്നത്തെ നിലയിലെത്തിയത്. നിങ്ങളുടെ ദുഃഖവും ദുരിതവുമെല്ലാം യോഗം ജനറൽ സെക്രട്ടറിയായ തന്നോട് പറയണം. തന്നാലാവുന്ന കാര്യങ്ങൾ നിങ്ങൾക്ക് വേണ്ടി ചെയ്യുകയെന്നതാണ് തന്റെ കർമ്മം. സമയമില്ലെന്ന് താൻ ഒരിക്കലും പറയില്ല. ആര് വിളിച്ചാലും തന്നെ ഫോണിൽ കിട്ടും, ഇല്ലെങ്കിൽ തിരിച്ചുവിളിക്കും. തന്റെ സംഘടനാപ്രവർത്തനം അങ്ങനെയാണ്. ജനങ്ങളുടെ ഇടയിൽ നിന്നാണ് താൻ ജീവിച്ചത്. ഒരിക്കലും ജനങ്ങളിൽ നിന്ന് അകലില്ല. തന്നെ തകർക്കാൻ എത്ര കേസ് കൊടുത്തു. എന്നിട്ട് എവിടെയെങ്കിലും എത്തിയോ. ഈഴവർക്ക് വിലയുള്ള നാടായി തൊടുപുഴ മാറണം. ഈഴവരടക്കമുള്ള മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ വിചാരിച്ചാൽ ആര് തങ്ങളെ ഭരിക്കണമെന്നും നിയന്ത്രിക്കണമെന്നും തീരുമാനിക്കാൻ ശക്തിയുള്ള നാടാണിത്. എന്നാൽ ഇടുക്കി ജില്ലയിൽ എത്ര ഹൈസ്കൂളും കോളേജും നമുക്കുണ്ട്. നിങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നടത്തണമെങ്കിൽ എവിടെയാണ് അവസരമുള്ളത്. ഇടുക്കി ജില്ലയിൽ ഭൂമിയും പണവും അധികാരവുമടക്കമെല്ലാം ഒരു പ്രത്യേക സമുദായത്തിന്റെ കൈയിലാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. വൈക്കം ബെന്നി ശാന്തി അനുഗ്രഹപ്രഭാഷണം നടത്തി. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ ആശംസകളർപ്പിച്ചു. യൂണിയൻ കൺവീനർ പി.ടി. ഷിബു സ്വാഗതവും ചെറായിക്കൽ ക്ഷേത്രം ദേവസ്വം മാനേജർ കെ.കെ. മനോജ് നന്ദിയും പറഞ്ഞു. ക്ഷേത്രം തന്ത്രി എൻ.ജി. സത്യപാലൻ തന്ത്രികൾ, തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ ആർ. ബാബുരാജ്, മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ, നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു, തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ എ.ബി. സന്തോഷ്, സ്മിത ഉല്ലാസ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ, യൂണിയൻ എംപ്ലോയീസ് ഫോറം പ്രസിഡന്റ് സി.കെ. അജിമോൻ, യൂണിയൻ രവിവാര പാഠശാല ചെയർമാൻ ഷൈജു തങ്കപ്പൻ, തൊടുപുഴ യൂണിയൻ സൈബർ സേനചെയർമാൻ സതീഷ് വണ്ണപ്പുറം, യൂണിയൻ കുമാരിസംഘം സെക്രട്ടറി നിഖിത ബാബു, എസ്.എൻ പെൻഷനേഴ്സ് കൗൺസിൽ യൂണിയൻ സെക്രട്ടറി ടി.പി. ബാബു, ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് സുഷമ രാജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് മഹാപ്രസാദ ഊട്ടും നടന്നു.

മികച്ച പ്രവർത്തനത്തിന്

പാരിതോഷികം

തൊടുപുഴ യൂണിയനിലെ വിവിധ പോഷകസംഘടനകളുടെ മികച്ച പ്രവർത്തനത്തിന് നാല് ലക്ഷം രൂപ പാരിതോഷികം നൽകി യോഗം ജനറൽ സെക്രട്ടറി വെള്ലാപ്പള്ളി നടേശൻ. തൊടുപുഴയിൽ ഇത്രയധികം ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു പരിപാടി നാളിതുവരെ താൻ കണ്ടിട്ടില്ലെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. ഈ നല്ല പ്രവർത്തനത്തിന് പാരിതോഷികം നൽകുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞ വെള്ളാപ്പള്ളി ഓരോ പോഷകസംഘടനയ്ക്കും ഒരു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. കുമാരീസംഘത്തിന്റെ പ്രവർത്തനമികവിന്, യൂത്ത്മൂവ്മെന്റ് കൂടുതൽ സജീവമാക്കുന്നതിന്, വനിതകൾക്ക് കൂടുതൽ പ്രോത്സാഹനവും കരുത്തും നൽകാൻ വനിതാസംഘത്തിന്, കേരളത്തിൽ ഏറ്റവും മനോഹരമായി പ്രവർത്തിക്കുന്ന തൊടുപുഴ യൂണിയനിലെ രവിവാര പാഠശാലയ്ക്ക് എന്നിങ്ങനെ ഓരോ ലക്ഷം രൂപ വീതം ആകെ നാല് ലക്ഷം രൂപ നൽകുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. തുക ഇന്നോ നാളെയോ നൽകാൻ താൻ തയ്യാറാണെന്നും അടുത്ത ദിവസം ഇതേ വേദിയിൽ അത് പോഷകസംഘടനകൾക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വ്യക്തികളെ

ആദരിച്ചു

ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സഹായ വിതരണവും സമ്മേളനത്തിൽ നടന്നു. ചികിത്സാ സഹായം, വിവാഹ ധന സഹായം,​ വിദ്യാഭ്യാസ സഹായ നിധി എന്നിവയും വിതരണം ചെയ്തു. ക്ഷേത്രം ചുറ്റമ്പല നിർമ്മാണത്തിന് സഹായം നൽകിയ വ്യക്തികളെ ആദരിച്ചു. റോഹൻ പ്രസാദ് പാറയ്ക്കൽ, ഹരികൃഷ്ണൻ കണ്ണാട്ട്, പ്രജീസ് രവി, അരുൺ കെ. വാസു, ഭീമാ ജൂവലറി മാനേജർ ബിജിലാൽ എം.ആർ, രാജൻ അക്ഷയ, രാജു പുന്നക്കുന്നേൽ, അരുൺ ബാബു, അനോജ് ബാബു, സുകുമാരൻ ഇഞ്ചിക്കാലയിൽ എന്നിവരെയാണ് ആദരിച്ചത്. കൂടുതൽ കുമാരീസംഘം പ്രവർത്തകരെ പങ്കെടുപ്പിച്ചതിന് ഉടുമ്പന്നൂർ,​ മുട്ടം ശാഖകൾക്ക് ഒന്നാം സമ്മാനമായ പതിനായിരം രൂപ ലഭിച്ചു. പഴയരിക്കണ്ടം ശാഖയ്ക്ക് രണ്ടാം സമ്മാനമായ ഏഴായിരം രൂപയും ലഭിച്ചു.