
തൊടുപുഴ: മഹാകവി കുമാരനാശനെഴുതിയ ഗുരുസ്തവത്തിലെ നാരായണമൂർത്തേ... എന്ന മനോഹരമായ വരികളിലെ ഈരടികൾക്കൊപ്പം തിരുവാതിര ചുവടുവെച്ചു വനിതകൾ. തുളസിക്കതിർ നുള്ളിയെടുത്ത് എന്ന ഗാനത്തിനൊപ്പം കളിച്ച് കണ്ണനെയും പ്രകീർത്തിച്ചപ്പോൾ കാണികൾ മനം നിറഞ്ഞ് ആസ്വദിച്ചു. ഇന്നലെ രാവിലെ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല പ്രാർത്ഥന മണ്ഡപ സമർപ്പണസമ്മേളനത്തോടനുബന്ധിച്ചായിരുന്നു കുമാരമംഗലം ശാഖയിലെ വനിതകൾ തിരുവാതിര അവതരിപ്പിച്ചത്. രാവിലെ 9.30ന് തിരുവാതിരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 72 വയസുള്ള സുമതി എന്ന വീട്ടമ്മ മുതൽ 13കാരി കൃഷ്ണേന്ദു എന്ന വിദ്യാർത്ഥിനിയടക്കം 12 അംഗ സംഘത്തിലുണ്ടായിരുന്നു. രണ്ട് മാസത്തോളമെടുത്ത് പഠിച്ചാണ് വനിതകൾ 20 മിനിറ്റോളം മനോഹരമായി തിരുവാതിര വേദിയിൽ അവതരിപ്പിച്ചത്. ഉഷ സത്യൻ, രാഗിണി രവീന്ദ്രൻ, ഗീതാജ്ഞലി വിഷ്ണു, മാലിനി, സുലോചന ബാബു, ആഷിലി, ശാന്ത, ഷീബ മഞ്ജേഷ്, സോണിയ, ആഷ്ന തുടങ്ങിയവരാണ് ചുവടുവെച്ചത്. യൂട്യൂബ് നോക്കിയും ഗീതാജ്ഞലി വിഷ്ണുവിന്റെ മേൽനോട്ടത്തിലുമായിരുന്നു പഠനം.