
മുട്ടം: സ്ഥിരം അപകട മേഖലയായ ശങ്കരപ്പിള്ളി വളവിൽ വീണ്ടും അപകടം. ഇന്നലെ വൈകിട്ട് 4.45 നാണ് എതിർ ദിശയിൽ നിന്ന് വന്ന കാറുകൾ കൂട്ടിയിടിച്ചത്. യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചത് ഇതേ സ്ഥലത്തായിരുന്നു. മൂന്നാഴ്ച മുമ്പ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ശങ്കരപ്പിള്ളി മുതൽ മുട്ടം വരെ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇവിടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കർ വെച്ചിരുന്നു. എന്നാൽ അത് വാഹനമിടിച്ചും രാത്രിയുടെ മറവിൽ എടുത്തു മാറ്റിയും നശിപ്പിച്ചു. റോഡിന്റെ ഒരു വശം ജലവിതരണക്കുഴൽ സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചത് കിടങ്ങായിക്കിടക്കുകയാണ്. അതാണ് സ്ഥിരമായി അപകടം ഉണ്ടാകാൻ കാരണം. ശങ്കരപ്പിള്ളി എസ് വളവിലെത്തുന്ന വാഹനങ്ങൾ കിടങ്ങ് ഒഴിവാക്കി വളവിൽ സഞ്ചരിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്.