 
കട്ടപ്പന :കോഴിമലയിലെ ഭൂമി, പട്ടയ പ്രശ്നങ്ങൾ 14ന് മന്ത്രിതല യോഗം ചേർന്ന് ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു. കോഴിമല ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച സർവകക്ഷി നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവന്യൂ, വനം മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിൽ കോവിൽമലയിലെ പട്ടയവിഷയം ചർച്ച ചെയ്യും. ഇവിടുത്തെ താമസക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടും. കൂടാതെ, ഇവിടുത്തെ ഭൂപശ്നങ്ങൾ സംബന്ധിച്ച് ആളുകളിൽ നിന്ന് നേരിട്ടു വിവരശേഖരണത്തിനായി ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള സിറ്റിങ് നടത്തണമെന്ന കാര്യവും അറിയിക്കുമെന്നും സി.വി വർഗീസ് പറഞ്ഞു. കാഞ്ചിയാർ പഞ്ചായത്തംഗം വി.ആർ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ സജി, ബ്ലോക്ക് പഞ്ചായത്തംഗം ജലജ വിനോദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ്, കാഞ്ചിയാർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി. ബിജു, വിവിധ സംഘടന നേതാക്കളായ എം.വി കുര്യൻ, അഭിലാഷ് മാത്യു, ജോസ് ഞായർകുളം, ടി.ജി പ്രശാന്ത്, കെ.പി സുരേഷ്, സാംകുട്ടി എബ്രഹാം, രാജൻ ലബ്ബക്കട, തങ്കച്ചൻ പറപ്പള്ളിൽ, എം.എം കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.