road

കട്ടപ്പന : പൈപ്പ് സ്ഥാപിക്കുന്നതിനായി വാട്ടർ അതോറിറ്റി റോഡ് കുത്തി പൊളിച്ചതോടെ റോഡിൽ അപകടകെണി രൂപപ്പെട്ടു. തുടർച്ചയായ പ്രതിഷേധങ്ങൾ നടന്നതുമൂലം കോൺഗ്രീറ്റ് ഇട്ട് അശാസ്ത്രീയമായി ഗർത്തം മൂടിയത് രണ്ട് തവണ. രണ്ടാം തവണയും കുഴി വീണ്ടും രൂപപ്പെട്ടതോടെ പ്രതിഷേധവുമായി പൗരസമിതിയും രംഗത്തെത്തിയതോടെയാണ് കോൺക്രീറ്റ് ഉപയോഗിച്ച് കുഴിയടച്ചത്. മുൻപ് സംഭവിച്ച പോലെ തന്നെ വീണ്ടും പൊട്ടി പൊളിയുമെന്നാണ് പ്രദേശവാസികളുടെ വാദം.അടിമാലി -കുമളി ദേശീയപാതയിൽ കട്ടപ്പന -വെള്ളയാംകുടി റോഡിന് കുറുകെ ഗർത്തം രൂപപ്പെട്ടത്.ഇടുക്കി കവലക്ക് സമീപം ഏതാനും മാസങ്ങൾക്ക് മുൻപാണ് പൈപ്പ് സ്ഥാപിക്കുന്നതിനായി വാട്ടർ അതോറിറ്റി റോഡിന് കുറുകെ കുഴിയെടുത്ത്, അശാസ്ത്രീയമായ രീതിയിൽ അടച്ചതോടെയാണ് ഗർത്തം രൂപപ്പെട്ടത് എന്നാണ് പ്രദേശവാസികളുടെ പരാതി . കുഴിയെടുത്ത ശേഷം കോൺക്രീറ്റ് ഉപയോഗിച്ച് അവ അടച്ചിരുന്നു.ഏതാനും ദിവസങ്ങൾക്കിപ്പുറം കോൺഗ്രീറ്റ് ഇളകി കുഴി രൂപപ്പെട്ടു. നിരവധി അപകടങ്ങൾക്ക് കാരണമായതോടെ പ്രതിഷേധങ്ങളും ശക്തമാക്കി. ഇതോടെ വാട്ടർ അതോറിറ്റി വീണ്ടും കുഴിയിൽ കോൺക്രീറ്റ് ഇറക്കി പൊടിക്കൈകൾ ചെയ്ത് തടി തപ്പി. കുഴി രൂപപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും നിരവധി പരാതികൾ ഉയർന്നിട്ടും മുഖം തിരിക്കുന്ന സമീപനമാണ് വാട്ടർ അതോറിറ്റി സ്വീകരിന്നത് എന്നാണ് നാട്ടുകാരുടെ പരാതി. വെള്ളിയാഴ്ച രാത്രിയിൽ ഗർത്തത്തിൽ ഇരുചക്ര വാഹനം മറിഞ് യുവാവിന് പരിക്കേറ്റു. നിരവധി പരാതികൾ ഉയർന്നിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കാത്ത പക്ഷമാണ് പൗരസമിതിയുടെ നേതൃത്വത്തിൽ ഗർത്തത്തിൽ വാഴനട്ട് പ്രതിഷേധം സംഘടിപ്പിച്ചത് .തുടർന്ന് അന്ന് തന്നെ നടപടിയുമായി അധികൃതരും സ്ഥലത്തെത്തി കോൺക്രീറ്റ് ഉപയോഗിച്ച് റോഡിലെ ഗർത്തം മൂടി.

ശാസ്ത്രീയവിദ്യകൾ

ഉപയോഗിച്ചില്ല

കുഴിയിൽ നിക്ഷേപിച്ച കോൺക്രീറ്റ് ഉറപ്പിക്കുന്നതിന് പോലും ശാസ്ത്രീയമായ വിദ്യകൾ ഉപയോഗിച്ചില്ല.മുൻപ് രണ്ടു തവണ കോൺക്രീറ്റ് ഉപയോഗിച്ച് കുഴിയടച്ചിട്ടും വീണ്ടും അവ പൊളിയുന്ന സ്ഥിതിയാണ് ഉണ്ടായത്.അതേ സാഹചര്യത്തിൽ തന്നെയാണ് അധികൃതർ വീണ്ടും കോൺക്രീറ്റ് ഉപയോഗിച്ച് കുഴിയടക്കാൻ വന്നത്. കൂടാതെ ടൗണിൽ നന്നേ തിരക്കുള്ള സമയത്ത് നടപടിയുമായി മുന്നോട്ടുവന്നത് വൻ ഗതാഗതക്കുരുക്കിനും കാരണമായി. ഗർത്തത്തിൽ ടാറിങ് നടത്തി പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.