രാജക്കാട്: ഹൈക്കോടതി ഉത്തരവുപ്രകാരം സർക്കാർ ഏറ്റെടുത്ത പൂപ്പാറ ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ ശ്രമം. സംഭവത്തിൽ സർക്കാർ വസ്തു നശിപ്പിച്ചതിനും സംരക്ഷണ നിയമം ലംഘിച്ചതിനും രണ്ടു വ്യാപാരികൾക്കെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു. പുഴ പുറമ്പോക്ക് കൈയേറി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് പൂപ്പാറ ടൗണിലെ 46 കടകൾ, 39 കെട്ടിടങ്ങൾ, മൂന്ന് ആരാധനാലയങ്ങൾ എന്നിവ ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള മൂന്നാർ സ്പെഷൽ ടാസ്ക് ഫോഴ്സ് ഏറ്റെടുത്തത്. കഴിഞ്ഞ ജൂണിൽ ഈ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ജില്ലാ ഭരണകൂടം ശാന്തമ്പാറ പഞ്ചായത്തിന് നിർദേശം നൽകി. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ ചില വ്യാപാരികൾ സുപ്രീംകോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു. തുടർന്ന് ഇവർ കൈവശം വച്ചിരുന്ന കെട്ടിടങ്ങളുടെ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു. ശേഷം മറ്റ് ചില വ്യാപാരികളും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുമ്പോഴാണ് രണ്ടു വ്യാപാരികൾ റവന്യൂ വകുപ്പ് അടച്ചുപൂട്ടി സീൽ ചെയ്ത തങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ ശനിയാഴ്ച വൈകിട്ട് തുറന്നത്. തുടർന്ന് പൂപ്പാറ വില്ലേജ് അധികൃതർ ശാന്തൻപാറ പൊലീസിന്റെ സഹായതേടി. പൊലീസിന്റെ നേതൃത്വത്തിൽ തുറന്ന കടകൾ അടച്ച് വീണ്ടും സീൽ ചെയ്തു.