രണ്ടര കിലോമീറ്റർ ടണൽ പൂർത്തിയാകുന്നത് നിശ്ചയിച്ചതിനും നാലുമാസം മുമ്പ്
തൊടുപുഴ: 40 മെഗാവാട്ടിന്റെ മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ 2.5 കി.മീ നീളവും 3.6 മീറ്റർ വ്യാസവുമുള്ള ടണൽ പൂർത്തിയാകുന്നു. ടണൽ ഏഴു ദിവസത്തിനുള്ളിൽ പൂർണമായും തുറക്കും. പ്ലാൻ ചെയ്തതിനും നാലുമാസം മുമ്പാണ് ടണലിന്റെ നിർമാണം പൂർത്തിയാകുന്നത് എന്നതാണ് സവിശേഷത. ഈ മാസം 10ന് ടണൽ ഡ്രൈവിംഗ് ജോലികൾ പൂർത്തിയാക്കും. റ്റാംറോക്ക് എന്ന പ്രത്യേക യന്ത്രസംവിധാനത്തിന്റെ സഹായത്തോടെയാണ് ടണൽ നിർമ്മാണം പുരോഗമിക്കുന്നത്. 51 ഡിഗ്രി ചരിവിലുള്ള തുരങ്കത്തിന്റെ 230 മീറ്റർ ഭാഗം കൂടി പൂർത്തിയായാൽ പദ്ധതിയുടെ ജലനിർഗമന സംവിധാനത്തിന്റെ ഡ്രൈവിംഗ് പ്രവൃത്തികൾ പൂർണമാകും. അതേസമയം ഡാം, പവർ ഹൗസ് എന്നിവയുടെ നിർമ്മാണം എങ്ങുമെത്തിയിട്ടില്ല. 2022 ഏപ്രിൽ ഒന്നിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. 70 മീറ്റർ നീളവും 1.5 മീറ്റർ വ്യാസവുമുള്ള പെൻസ്റ്റോക്ക് ഫാബ്രിക്കേഷൻ ഉടൻ ആരംഭിക്കും. പവർ ഹൗസിന്റെയും ഡാമിന്റെയും എക്സകവേഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട്. പി.ഇ.എസ് എൻജിനിയേഴ്സ് ആന്റ് കെ.എസ്.ആർ ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസോർഷ്യമാണ് കരാറുകാർ. 2009 ജൂൺ അഞ്ചിന് പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ നീണ്ടുപോയതിനാൽ റദ്ദ് ചെയ്യുകയായിരുന്നു. ഭൂമി ഏറ്റെടുക്കലിൽ കുരുങ്ങിയാണ് പദ്ധതി നീണ്ടുപോയത്. പദ്ധതിക്കാവശ്യമായി 80.01 ഹെക്ടർ ഭൂമിയിൽ 11.91 ഹെക്ടർ വനഭൂമിയും 15.16 ഹെക്ടർ പുഴയും ബാക്കി പട്ടയ, പട്ടയരഹിത സ്വകാര്യഭൂമിയുമാണ്. ആവശ്യമായ 95 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ജില്ലാതല പർച്ചേസ് കമ്മിറ്റി രൂപീകരിച്ച് നെഗോഷ്യബൾ പർച്ചേസ് പദ്ധതി പ്രകാരം ഭൂ ഉടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകിയാണ് 250ൽ പരം ഭൂഉടമകളിൽ നിന്ന് ഇത്രയും ഭൂമി ഏറ്റെടുത്തത്. പദ്ധതിയുടെ ഒന്നാം ഘട്ടം 2026ൽ പൂർത്തീകരിച്ച് വൈദ്യുതോത്പാദനം ആരംഭിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
45 വർഷത്തെ ആലോചന
നാലര പതിറ്റാണ്ട് മുമ്പ് ആലോചന തുടങ്ങിയ പദ്ധതിയാണ് മാങ്കുളം. പദ്ധതിക്കായി ഭൂമി വിട്ടു നൽകിയിട്ടുള്ളതുമൂലം കച്ചവട സ്ഥാപനങ്ങളും മറ്റും നഷ്ടമായവർക്ക് പുനരധിവാസ പദ്ധതിയിൽ പെടുത്തി 7500 ചതുരശ്രഅടി വിസ്തീർണത്തിൽ 29 മുറികളുള്ള വ്യാപാര സമുച്ചയം 2.3 കോടി രൂപ ചെലവിൽ നിർമിച്ച് കടമുറികൾ കുറഞ്ഞ വാടകയ്ക്ക് നൽകിയിട്ടുണ്ട്. കൂടാതെ സ്ഥലം ഏറ്റെടുത്തതുമൂലം വീട് നഷ്ടപ്പെട്ടവർക്കും സ്വന്തമായി മറ്റ് ഭൂമി ഇല്ലാത്തവർക്കും നഷ്ടപരിഹാരത്തിന് പുറമെ മൂന്ന് സെന്റ് ഭൂമി വീതം സൗജന്യമായി ആനച്ചാലിൽ നൽകിയിട്ടുമുണ്ട്.