സമയ പരിധി നീട്ടണമെന്ന ആവശ്യം ശക്തം
തൊടുപുഴ: ഇന്ന് അവസാനിക്കുന്ന റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് സമയ പരിധി നീട്ടണമെന്ന ആവശ്യം ശക്തം. ജില്ലയിൽ ഇതുവരെ 80 ശതമാനം മസ്റ്ററിംഗാണ് പൂർത്തിയായിട്ടുള്ളത്. ഇന്ന് വരെയാണ് മുൻഗണന വിഭാഗങ്ങളായ മഞ്ഞ, പിങ്ക്, കാർഡുടമകൾക്ക് കെ.വൈ.സിക്കായി (മസ്റ്ററിംഗ്) അനുവദിച്ചിട്ടുള്ള സമയം. ഈ വർഷം മാർച്ചിൽ ഇ- പോസ് യന്ത്രങ്ങളിലെ തകരാർ കാരണം നിറുത്തിവച്ച മസ്റ്ററിംഗ് സെപ്തംബർ 18നാണ് പുനരാരംഭിച്ചത്. ഇനിയും നിരവധി പേർ മസ്റ്ററിംഗ് ചെയ്യാനുണ്ട്. പലയിടങ്ങളിലും ആളുകൾ എത്താത്തതും ചിലയിടങ്ങളിൽ ഇ- പോസ് മെഷീൻ പണിമുടക്കുന്നതുമാണ് മസ്റ്ററിംഗ് ഇഴയാൻ ഇടയാക്കുന്നത്. സമയ പരിധി കഴിയുന്നതോടെ ഇതുമൂലം നിരവധി പേർ റേഷൻ കാർഡുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്. റേഷൻ കാർഡിന്റെ മസ്റ്ററിംഗ് തിയതി ഒരാഴ്ച കൂടി നീട്ടി വയ്ക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം.
എണ്ണത്തിൽ കുറവ്
നേരത്തെ ആളുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനാൽ ഇ- പോസ് മെഷിൻ പണിമുടക്കിയിരുന്നു. ഇതോടെയായിരുന്നു മസ്റ്ററിംഗ് താത്കാലികമായി നിർത്തിവെച്ചത്. എന്നാൽ മസ്റ്ററിംഗ് പുനരാരംഭിച്ചിട്ടും ഉപഭോക്താക്കൾ എത്തുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. എത്തുന്നവരിൽ തന്നെ കാർഡിലെ മുഴുവൻ അംഗങ്ങളും ഇല്ലാത്ത സ്ഥിതിയും. ഇതോടെ കാർഡിലെ ഒരംഗമെത്തി മസ്റ്ററിംഗ് നടത്തിയതിനുശേഷം മറ്റ് അംഗങ്ങളെ കാത്തു നിൽക്കേണ്ട സാഹചര്യമാണ്. ഇത് തിരക്ക് കൂട്ടാൻ കാരണമാകും. വ്യാപാരികൾക്കും ഇത് വലിയ പ്രതിസന്ധിയാണ്. മസ്റ്ററിംഗ് കൃത്യമായി നടത്തിയില്ലെങ്കിൽ റേഷൻ വിഹിതം ലഭിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാൽ സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ അടുത്തമാസം മുതലുള്ള റേഷൻ വിഹിതത്തിൽ കുറവ് വരും. അതിനാൽ ഇക്കാര്യത്തിൽ കൃത്യമായ ബോധവത്കരണം ആവശ്യമാണെന്നാണ് റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നത്.
തള്ളിയവർക്ക്
ഇനിയും അവസരം
മസ്റ്ററിംഗ് തള്ളിയവരുടെ രേഖകളിലെ പ്രശ്നം പരിഹരിച്ച് ഇവർക്ക് വീണ്ടും മസ്റ്റർ ചെയ്യാൻ അവസരം നൽകും. മസ്റ്ററിംഗ് തള്ളിയ ഓരോ റേഷൻ കാർഡ് അംഗത്തെയും താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാർ വിളിച്ച് വിവരം അറിയിക്കും. രേഖകളുടെ പരിശോധന പൂർത്തിയാകുമ്പോൾ തള്ളിയവരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. കാർഡുകളിലെ ഫോൺ നമ്പർ കൃത്യമല്ലാത്തതിനാൽ തള്ളിയ വിവരം എല്ലാവരെയും അറിയിക്കാനാകുന്നില്ലെന്ന പ്രശ്നമുണ്ട്.
'പരമാവധി മസ്റ്ററിംഗ് ഇന്നത്തോടെ ചെയ്യും. ഇനിയും മസ്റ്ററിംഗ് ചെയ്യാനുള്ളവരെ കണ്ടെത്തി ക്യാമ്പുകൾ നടത്തും. ഇതിന് ഉടൻ നിർദ്ദേശം നൽകും. "
-ബൈജു കെ. ബാലൻ (ജില്ലാ സപ്ലൈ ഓഫീസർ)