തൊടുപുഴ: സാധാരണക്കാർക്ക് സൗജന്യമായും മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ ജില്ലയിൽ ഫുൾ ചാർജ്ജാകുന്നു. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 157 ബി.പി.എൽ വീടുകളിലാണ് കെ ഫോൺ കണക്ഷനുള്ളത്. 573 വീടുകളിലാണ് ആദ്യഘട്ടം പൂർത്തീകരിക്കേണ്ടത്. ഇതിനുള്ള നടപടികൾ നടക്കുകയാണ്. 1843 വാണിജ്യ കണക്ഷനുകളും ജില്ലയിൽ നൽകി. ജില്ലയിലെ 1213 സർക്കാർ ഓഫീസുകൾ ഇപ്പോൾ കെ ഫോൺ നെ‌റ്റ്‌വർക്കാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 1622 ഓഫീസുകളിലാണ് കണക്ഷൻ നൽകേണ്ടത്. ബാക്കിയുള്ളിടങ്ങളിലേക്കും ഉടനെത്തുമെന്ന് അധികൃതർ പറഞ്ഞു. ഒരു ഐ.എൽ.എൽ കണക്ഷനും വേഗതയുള്ള നെറ്റ്‌വർക്ക് സ്ഥിരമായി ലഭിക്കുന്ന ഒരു ഐ.എൽ.എൽ കണക്ഷനും ജില്ലയിൽ നൽകിയിട്ടുണ്ട്. പുതിയ രജിസ്‌ട്രേഷനുകളും വരുന്നുണ്ട്. പ്രാദേശിക കേബിൾ ടി.വി ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുന്നത്. ജില്ലയിൽ 118 കേബിൾ ടി.വി ഓപ്പറേറ്റർമാരെ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ ഒരു മാസം, മൂന്നു മാസം, ആറു മാസം, ഒരു വർഷം എന്നിങ്ങനെയാണ് കെ ഫോൺ പാക്കേജുകൾ. കെ.എസ്.ഇ.ബിയും കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ സർക്കാർ ഓഫീസുകൾക്ക് പുറമെ ഒരു നിയമസഭ മണ്ഡലത്തിൽ 100 ബി.പി.എൽ വീടുകൾക്ക് സൗജന്യ കണക്ഷൻ നൽകുകയാണ് ആദ്യഘട്ട ലക്ഷ്യം.

ഇവിടെ രജിസ്ട്രർ ചെയ്യാം

പുതിയ ഗാർഹിക കണക്ഷനെടുക്കാൻ എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ www.kfon.in വെബ്‌സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം.

രണ്ടായിരം കിലോമീറ്ററിലേറെ

കേബിളുകൾ

ജില്ലയിൽ ഇതുവരെ 2035.74 കിലോമീറ്റർ കേബിളുകൾ സ്ഥാപിച്ചു. കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ടവറുകളിലൂടെയാണ് 306.28 കിലോമീറ്റർ കേബിൾ വലിച്ചത്. 1729.46 കിലോമീറ്റർ കെ.എസ്.ഇ.ബി പോസ്റ്റുകൾ വഴിയും. കേരള വിഷൻ ബ്രോഡ്ബാൻഡ് ലിമിറ്റഡ്, എക്സ്ട്രാനെറ്റ് സപ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സേവനദാതാക്കൾ കെ ഫോണിന്റെ ഡാർക്ക് ഫൈബർ ഉപയോഗിക്കുന്നുണ്ട്. 1149.295 കിലോമീറ്ററാണ് വാടകയ്ക്ക് നൽകിയിരിക്കുന്നത്. കിലോമീറ്ററിന് നിശ്ചിത തുകയീടാക്കുന്നുണ്ട്.