
അടിമാലി: മാങ്കുളം പഞ്ചായത്തിലെ പെരുമ്പൻകുത്ത്, പാമ്പുംകയം എന്നിവിടങ്ങളിൽ ടേക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചിട്ടുള്ള ശുചിമുറി കോംപ്ലക്സുകൾ തുറന്നു നൽകാനുള്ള നടപടികൾ വൈകുന്നു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം വീതം മുടക്കിയാണ് ടേക് എ ബ്രേക് പദ്ധതിയിൽപെടുത്തി ശുചിമുറി കോംപ്ലക്സ് നിർമിച്ചിരിക്കുന്നത്.പെരുമ്പൻകുത്ത് വെള്ളച്ചാട്ടം, പാമ്പുംകയത്തിനു സമീപമുള്ള നക്ഷത്രക്കുത്ത് എന്നിവിടങ്ങളിൽ എത്തുന്ന സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ശുചിമുറി കോംപ്ലക്സ്. ആനക്കുളം അടക്കമുള്ള മാങ്കുളം മേഖലയിൽ സ്വദേശികളും, വിദേശികളുമായ നൂറുകണക്കിന് സഞ്ചാരികളാണ് ദൈനം ദിനം ഇവിടേക്ക് എത്തുന്നത്.ഇവിടെയെത്തുന്നവർക്ക് പ്രാഥമിക സൗകര്യങ്ങൾ ചെയ്യുന്നതിനുള്ള അടിസ്ഥാന സംവിധാനത്തിന്റെ ഭാഗമായാണ് ടെക് എ ബ്രെക്ക് കെട്ടിടങ്ങൾ നിർമ്മിച്ചത്. ഉദ്ഘാടനം വൈകുന്നതോടെ കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറുകയാണ്. ഇത്തരം സാഹചര്യത്തിൽ അടിയന്തരമായി കെട്ടിടങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.