തൊടുപുഴ: കേരളാ കോൺഗ്രസ് പാർട്ടിയുടെ 60-ാം ജന്മദിന സമ്മേളവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും നാളെ കോട്ടയത്ത് നടക്കും. ജന്മദിന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് അങ്കണത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പതാക ഉയർത്തും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയർമാൻ പി.ജെ. ജോസഫ് നിർവ്വഹിക്കും. 1964 ഒക്ടോബർ ഒമ്പതിന് രൂപീകൃതമായ കേരളാ കോൺഗ്രസിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷ പരിപാടികൾ സമ്മേളത്തിൽ പ്രഖ്യാപിക്കും. സംസ്ഥാന ജില്ലാ നേതാക്കൾ, പോഷക സംഘടനാ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. 60-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പാർട്ടിയുടെ ജില്ലാ, നിയോജകമണ്ഡലം, മണ്ഡലം ആസ്ഥാനങ്ങളിൽ പാർട്ടി പതാക ഉയർത്തിയും സമ്മേളനങ്ങൾ നടത്തിയും ആചരിക്കുമെന്ന് സെക്രട്ടറി ജനറൽ മുൻ എം.പി അഡ്വ. ജോയി ഏബ്രഹാം അറിയിച്ചു.