varghse
പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ,ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച ധർണ സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന : സ്വകാര്യ ബസ് വ്യവസായവും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ( സിഐടിയു) പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കട്ടപ്പനയിൽ ധർണ സംഘടിപ്പിച്ചു. ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കാൻ ഇടപെടൽ നടത്തുമെന്ന് സി. പി. എം ജില്ലാ സെക്രട്ടറി സി. വി. വർഗീസ് പറഞ്ഞു. ആർ.ടി ഓഫീസിലെയും കെഎസ്ആർടിസിയിലെയും ചില ഉദ്യോഗസ്ഥർ ജനവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്. ദീർഘദൂര സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിക്കുന്നില്ല. ഇതോടെ ബസുടമകളും ജീവനക്കാരും പ്രതിസന്ധിയിലാകുന്നു. അതേസമയം കെഎസ്ആർടിസിയെ തകർക്കുന്ന സമീപനമാണ് ഇവർ സ്വീകരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളാണ് സ്വകാര്യ ബസ് മേഖലകളിൽ ജോലി ചെയ്യുന്നത്. ഇവരെ ബുദ്ധിമുട്ടിലാക്കുന്ന നയങ്ങൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ കെ എം ബാബു അധ്യക്ഷനായി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് മുഖ്യപ്രഭാഷണം നടത്തി. സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. എം തോമസ്, ബസ് ഓപ്പറേറ്റേഴ്സ് ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ ജെ ദേവസ്യ, പ്രൈവറ്റ് ബസ് മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എം .സി ബിജു, സിപി.എം കട്ടപ്പന ഏരിയ കമ്മിറ്റിയംഗം കെ പി സുമോദ്, ബസ് ഓപ്പറേറ്റേഴ്സ് ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ കട്ടപ്പന മേഖലാ സെക്രട്ടറി അനീഷ് ജോസഫ്, പ്രസിഡന്റ് എബി മാത്യു തുടങ്ങിയവർ സംസാരിച്ചു.