തൊടുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽനാളെ തൊടുപുഴയിൽ മാർച്ചും ധർണയും നടത്തും. 2021 മുതൽ കുടിശ്ശികയായിട്ടുള്ള ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, 2019 ലെ പെൻഷൻ പരിഷ്‌കരണത്തിന്റെ കുടിശിക അനുവദിക്കുക, പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, പി.എഫ്.ആർ.ഡി.എ നിയമം റദ്ദു ചെയ്യുക., മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ പ്രതികാരനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നത്.
രാവിലെ 10ന് ജില്ലാ പെൻഷൻ ഭവനിൽ നിന്നും പ്രകടനം ആരംഭിക്കും. തുടർന്ന് മുനിസിപ്പൽ മൈതാനത്ത് ചേരുന്ന ധർണ കെ.എസ്.എസ്.പി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ചെല്ലപ്പനാചാരി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് കെ.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. എഫ്.എസ്.ഇ.റ്റി.ഒ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മാണി, ജില്ലാ വനിത കൺവീനർ എം.ജെ. ലില്ലി എന്നിവർ പ്രസംഗിക്കും.