 
തൊടുപുഴ : എയ്ഡഡ് മേഖലയിലെ പ്രധാന അദ്ധ്യാപകരുടെ സെൽഫ് ഡ്രോയിങ് ഓഫീസർ പദവി എടുത്തുകളഞ്ഞ ജനാധിപത്യവിരുദ്ധ ഉത്തരവ് ഉടൻ തിരുത്തണമെന്ന് സംസ്ഥാന സെക്രട്ടറി പി എം നാസർ ആവശ്യപ്പെട്ടു . കെ. പി .എസ്. ടി എ തൊടുപുഴ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ട്രഷറികൾ ഡിജിറ്റലൈസ് ചെയ്യുകയും , സ്ഥാപനമേധാവികൾ നേരിട്ട് ശമ്പള ബില്ലുകൾ സമർപ്പിച്ച് പാസാക്കിയെടുക്കാനും ഉള്ള സാഹചര്യം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് എയ്ഡഡ് വിദ്യാലയങ്ങൾക്ക് നൽകിയത് . ഇതുമൂലം സാങ്കേതികമായ നൂലാമാലകൾ ഒഴിവാക്കി അദ്ധ്യാപകർക്ക് സമയത്ത് ബില്ലുകൾ മാറ്റിയെടുക്കാൻ സാധിച്ചിരുന്നു. വിദ്യാലയ ഏകീകരണം പ്രഖ്യാപിക്കുകയും , സർക്കാർ എയ്ഡഡ് തരംതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്നത് പൊതുവിദ്യാഭ്യാസ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സബ് ജില്ലാ പ്രസിഡന്റ് ഷിന്റോ ജോർജ് അദ്ധ്യക്ഷത വഹിച്ചു . സജി മാത്യു , ദീപു ജോസ് , രതീഷ് വി ആർ ,രാജിമോൻ ഗോവിന്ദ് , ലിജോമോൻ ജോർജ് , സിനി ട്രീസ , ജോസഫ് മാത്യു , ജീസ് എം അലക്സ് , ജിബിൻ ജോസഫ് , ജിൻസ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു .