
പണി മുടക്ക് ഹർത്താൽ പ്രതീതി സൃഷ്ടിച്ചു
പ്രതീകാത്മകമായി റോഡരുകിലെ മരം മുറിച്ചു
അടിമാലി: .കൊച്ചി -ധനുഷ്‌ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിൽ പാതയോരത്ത് അപകടാവസ്ഥ ഉയർത്തുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് എൻ. എച്ച് സംരക്ഷണ സമിതി ദേവികുളം താലൂക്കിൽ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് പൂർണ്ണം. നേര്യമംഗലം വനമേഖലയിൽ ദേശിയപാതയോരത്ത് അപകടാവസ്ഥ ഉയർത്തുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന് കോടതി നിർദേശം ഉണ്ടായിട്ടും മരങ്ങൾ മുറിച്ച് നീക്കാൻ വനം, റവന്യൂ വകുപ്പുകൾ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് എൻ .എച്ച് സംരക്ഷണ സമിതി ദേവികുളം താലൂക്കിൽ പൊതുപണിമുടക്കിനും പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിരുന്നത്.പ്രതീകാത്മകമായി റോഡരുകിലെ മരം മുറിച്ചു. ഇന്നലെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടന്ന പണിമുടക്കിൽ താലൂക്കിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നിരുന്നു.സ്വകാര്യ ബസുകളും ഓട്ടോ ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങാതെ വന്നതോടെ പണി മുടക്ക് ഹർത്താൽ പ്രതീതി സൃഷ്ടിച്ചു.കെ .എസ് .ആർ സി ബസുകൾ സർവ്വീസ് നടത്തി.ചുരുക്കം വിനോദ സഞ്ചാര വാഹനങ്ങളും നിരത്തിലിറങ്ങി. നേര്യമംഗലം മുതൽ വാളറ വരെയുള്ള ദേശീയ പാതയോരത്തേ അപകട ഭീഷിണി ഉയർത്തുന്ന 259 ഓളം മരങ്ങൾ മുറിച്ച് മാറ്റാത്തതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് സമരം നടന്നത്. വാളറ കുത്തിന് സമീപം നൂറുകണക്കിന് ആളുകൾ എത്തി ദേശീയ പാത ഉപരോധിക്കുകയും തുടർന്ന് പ്രതീകാത്മകമായി പാതയോരത്തേ രണ്ട് മരങ്ങൾ സമരക്കാർ മുറിച്ച് മാറ്റി.
പ്രതിഷേധ സൂചകമായി വാളറയിൽ സമരക്കാർ യോഗം സംഘടിപ്പിച്ചു.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ യോഗം ഉദ്ഘാടനം ചെയ്തു.ദേശിയപാതയോരത്തെ മരങ്ങൾ മുറിച്ചും സമരക്കാർ പ്രതിഷേധിച്ചു.വാളറയിൽ ദേശിയപാത ഉപരോധവും സംഘടിപ്പിച്ചു.ഇതോടെ ദേശിയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ചില വാക്ക് തർക്കങ്ങൾ ഒഴിച്ചാൽ പ്രതിഷേധ സമരത്തിൽ മറ്റനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.നിരവധിയാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തോടെ സമരക്കാർ യോഗവും ഉപരോധ സമരവും അവസാനിപ്പിച്ചു.പ്രതിഷേധ യോഗത്തിൽ എൻ എച്ച് സംരക്ഷണ സമിതി ചെയർമാൻ പി എം ബേബി അദ്ധ്യക്ഷത വഹിച്ചു. ബാബു പി .കുര്യാക്കോസ്, കോയ അമ്പാട്ട്, റസ്സാക്ക് ചൂരവേലി ,വ്യാപാരി വ്യവസായി ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ വിനോദ് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വി.എൻ സുരേഷ്, എൽദോസ് വാളറ ,അടിമാലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സമരത്തിന് നേതൃത്വം നൽകി.